2,000 രൂപ നോട്ടുകളുടെ 70 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ

0
58

2,000 രൂപ നോട്ടുകൾ പിൻവലിച്ച് ഒരു മാസത്തിനുള്ളിൽ മൊത്തം നോട്ടുകളുടെ 70 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. 3.62 ലക്ഷം കോടി രൂപയുടെ മൊത്തം നോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗവും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. 2000 രൂപ നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2023 മാർച്ച് വരെ, പ്രചാരത്തിലുള്ള 2000 രൂപയുടെ മൊത്തം മൂല്യം 3.62 ലക്ഷം കോടി രൂപയാണ്. നോട്ട് പിൻവലിക്കാനുള്ള തീരുമാനത്തിന് ശേഷം ഇതിൻ്റെ മൂന്നിൽ രണ്ട് ഭാഗവും, അതായത് 2.41 ലക്ഷം കോടി രൂപ ബാങ്കുകളിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. നോട്ടുകൾ പിൻവലിക്കുന്നത് സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് ചോദ്യത്തോട് ‘തീരുമാനം സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ലെന്നും പ്രതികൂല ഫലമൊന്നും ഉണ്ടാകില്ലെന്നും’ അദ്ദേഹം മറുപടി നൽകി.

നേരത്തെ, ജൂൺ എട്ടിന് നടന്ന ധനനയ അവലോകനത്തിന് (എംപിസി) ശേഷം 1.8 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകൾ തിരിച്ചെത്തിയതായി ആർബിഐ ഗവർണർ പറഞ്ഞിരുന്നു. ആകെ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ 50 ശതമാനമായിരുന്നു ഇത്. ക്ലീൻ നോട്ട് നയത്തിന്റെ ഭാഗമായി 2023 മെയ് 19 നാണ് അപ്രതീക്ഷിത നീക്കത്തിലൂടെ 2000 രൂപ നോട്ടുകൾ കേന്ദ്രം പിൻവലിക്കുന്നത്. തുടർന്ന് സെപ്തംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാനും സമയം അനുവദിച്ചു.