Sunday
21 December 2025
21.8 C
Kerala
HomeKeralaആരോഗ്യകരമായ ബന്ധങ്ങൾ; അവബോധം സൃഷ്ടിക്കണമെന്ന് അഡ്വ. പി. സതീദേവി

ആരോഗ്യകരമായ ബന്ധങ്ങൾ; അവബോധം സൃഷ്ടിക്കണമെന്ന് അഡ്വ. പി. സതീദേവി

ആരോഗ്യകരമായ ബന്ധങ്ങൾ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കണമെന്ന് കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനോട് ഹൈക്കോടതിതന്നെ നിർദേശിച്ചുണ്ടെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.

കേരള വനിതാ കമ്മിഷന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഈ അധ്യയന വര്‍ഷാരംഭത്തില്‍ സംഘടിപ്പിച്ചുവരുന്ന കൗമാരം കരുത്താക്കൂ പ്രത്യേക ബോധവത്കരണ പരിപാടിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കുരുവട്ടൂര്‍ പയമ്പ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിർവഹിക്കുകയായിരുന്നു അഡ്വ. പി. സതീദേവി.

ലഹരി, പ്രണയപ്പക എന്നിവയ്ക്കെതിരായ ബോധവത്ക്കരണം, ലിംഗ സമത്വം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് കൗമാരം കരുത്താക്കൂ പ്രത്യേക ബോധവത്കരണ പരിപാടി കേരള വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്നത്.

പ്ലസ് ടു വിന് കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് ലഭിക്കുമ്പോഴും സമൂഹത്തിലെ തെറ്റായ പ്രവണതകളിൽ കുട്ടികൾ ആകൃഷ്ടരാകുന്നുവെന്നത് ആശാസ്യമല്ല. സമീപകാലത്ത് സോഷ്യൽ മീഡിയയിലൂടെ ഇത്തരം പ്രചരണങ്ങൾ നടക്കുന്നത് നമ്മൾ കണ്ടതാണ് – അഡ്വ. പി. സതീദേവി പറഞ്ഞു.

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സരിത അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ വി. ബിനോയ് സ്വാഗതം ആശംസിച്ചു.
കൗമാരം കരുത്താക്കൂ ബ്രാന്‍ഡ് അംബാസഡറും കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയുമായ നേഹാ ബിജു കുട്ടികള്‍ക്ക് സാമൂഹിക പ്രതിബദ്ധതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മയക്കുമരുന്ന്, പ്രണയപ്പക, ലിംഗസമത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മുൻ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് നൊച്ചാട് ബോധവത്കരണ ക്ലാസ്സെടുത്തു. എസ്എസ്‌കെ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുല്‍ ഹക്കീം, പിറ്റിഎ പ്രസിഡന്റ് സി.ഷാജി, ചേവായൂര്‍ എസ്എച്ച്ഒ ഇന്‍ ചാര്‍ജ് നിമിന്‍ കെ. ദിവാകരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിദ്യാര്‍ഥി പ്രതിനിധി ദേവനന്ദ നന്ദി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments