ബോധവത്കരണ പ്രവർത്തനങ്ങൾക്ക് വീട്ടിലെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടര്‍ക്ക് നേരെ അസഭ്യവും ഭീഷണിയും

0
56

ബോധവത്കരണ പ്രവർത്തനങ്ങൾക്ക് വീട്ടിലെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടര്‍ക്ക് നേരെ അസഭ്യവും ഭീഷണിയും. സംഭവത്തിൽ‌ പ്രതി പിടിയിൽ. ഞാങ്ങാട്ടിരി തടത്തിലകത്ത് വീട്ടിൽ ഫൈസൽ (49) ആണ് തൃത്താല പൊലീസിന്റെ പിടിയിലായത്. ഞാങ്ങാട്ടിരി ഭാഗത്തെ വീടുകളിൽ ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾക്കായി എത്തിയ തൃത്താല പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉഷസിനെയാണ് ഇയാൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

വീട്ടിലെത്തിയപ്പോൾ വാഹനങ്ങളുടെ ടയറിൽ മലിന ജലം കെട്ടിക്കിടക്കുകയും കൊതുകുകൾ വളരുന്നതും കണ്ട ആരോഗ്യ പ്രവർത്തക ഇത് നീക്കാൻ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സർക്കാർ ശമ്പളം തരുന്നില്ലേയെന്നും തന്റെ വീട്ടിലെ മാലിന്യങ്ങൾ നിങ്ങൾ ആരോഗ്യ പ്രവർത്തകർ നീക്കം ചെയ്യണമെന്നും ഇയാൾ തിരിച്ച് ആവശ്യപ്പെടുകയായിരുന്നു. ഇത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുമെന്ന് പറഞ്ഞതോടെ ആരോഗ്യ പ്രവർത്തകയെ ഇയാൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതോടെ ജെ എച്ച് ഐ ഉഷസും ആശാ വർക്കർമാർ ഉൾപ്പടെയുള്ള സംഘവും തിരികെ പോരുകയും ചെയ്തു.

സംഭവത്തെ തുടർന്ന് ഉന്നത ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പരാതിയിൽ തൃത്താല പോലീസ് അന്വേഷണം നടത്തുകയും വെള്ളിയാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. കാപ്പ നിയമപ്രകാരം ഇയാൾക്കെതിരെ തൃത്താല പൊലീസിന്റെ കേസ് നിലനിൽക്കെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.