യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടു പാടം സ്വദേശി ബൈജുവിനെ ആണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. വർഗീയ പരാമർശവും കലാപ ആഹ്വാനവും നടത്തിയ ബൈജു പൂക്കോട്ടുംപാടത്തിന് എതിരെ ഐ. പി. സി 153 എ പ്രകാരമാണ് കേസ് എടുത്തത്. കൊച്ചി ചാണക്യ ന്യൂസ് റിപ്പോർട്ടറും യൂട്യൂബറുമാണ് പ്രതി.
പെരിന്തൽമണ്ണ സ്വദേശിയായ അബ്ദുറഹ്മാൻ ആര്യാസ് എന്നപേരിൽ വെജിറ്റേറിയൻ ഹോട്ടൽ നടത്തുന്നതും, ഹോട്ടൽ മാനേജറുടെ മേശപ്പുറത്ത് ഗണപതി വിഗ്രഹത്തിന് സമാനമായ ഒരു പ്രതിമ കണ്ടെത്തിയെന്നുമാണ് ബൈജു യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. ഇക്കാര്യം മതവിദ്വേഷം വളർത്തുന്നവിധമാണ് ബൈജു ചിത്രീകരിച്ചത്. ഇതേക്കുറിച്ച് ലഭിച്ച പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പൂക്കോട്ടുംപാടം സ്റ്റേഷനിൽ ഇയാളെ റൗഡി ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ട്.
വർഗീയ വിദ്വേഷ പ്രചരണം നടത്തുക, പൊതു സ്ഥലത്ത് മദ്യപിക്കുക, റോഡിൽ ഗതാഗത തടസ്സം സൃഷ്ടിക്കുക, പലിശയ്ക്ക് പണം കൊടുക്കുക, പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തതിന് പൂക്കോട്ടുംപാടം, കാടാമ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്ക് എതിരെ വേറെയും കേസുകൾ ഉണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.