മണിപ്പൂരിൽ 12 ഭീകരരെ പിടികൂടിയ സൈനിക സംഘത്തെ തടഞ്ഞ് നാട്ടുകാർ

0
51

മണിപ്പൂരിൽ 12 ഭീകരരെ പിടികൂടിയ സൈനിക സംഘത്തെ തടഞ്ഞ് നാട്ടുകാർ. സ്ത്രീകളടക്കം 1500ഓളം പേരാണ് സൈന്യത്തിനെതിരെ പ്രതിഷേധവുമായി എത്തിയത്. ജനക്കൂട്ടം വളഞ്ഞതോടെ ഏറ്റുമുട്ടൽ ഒഴിവാക്കാൻ സൈന്യം ഭീകരരെ മോചിപ്പിച്ചു.

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഇത്തം ഗ്രാമത്തിൽ, സൈന്യം നടത്തിയ ഓപ്പറേഷനിൽ, കെ‌വൈ‌കെ‌എൽ (കംഗ്ലേയ് യോൾ കണ്ണ ലുപ്) വിമത ഗ്രൂപ്പിലെ 12 കേഡർമാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. ഇന്റലിജൻസ് വിഭാഗത്തിൽ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും നീക്കം. ശനിയാഴ്ച അർധരാത്രിയാണ് ഓപ്പറേഷൻ ആരംഭിച്ചത്.

ഭീകരരിൽ നിന്ന് വൻ ആയുധശേഖരവും പിടിച്ചെടുത്തു. ഇവരോടൊപ്പം മടങ്ങുന്ന വഴിയിൽ സൈന്യത്തിനെതിരെ പ്രതിഷേധമുയർന്നു. ഗ്രാമത്തലവന്റെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ 1200-1500 പേരടങ്ങുന്ന ജനക്കൂട്ടം സൈന്യത്തെ തടഞ്ഞു നിർത്തി. നിയമാനുസൃതമായ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ സുരക്ഷാ സേനയെ അനുവദിക്കണമെന്ന് ജനക്കൂട്ടത്തോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും രോഷാകുലരായ ജനക്കൂട്ടം ഗൗനിച്ചില്ല.

ഇതോടെ ഇത്രയും വലിയ ജനക്കൂട്ടത്തിന് നേരെ ബലപ്രയോഗം നടത്തിയാലുള്ള അപകടങ്ങളും നാശനഷ്ടങ്ങളും കണക്കിലെടുത്ത് സൈന്യം പിൻവാങ്ങി. പിടികൂടിയ ഭീകരരെ സൈന്യം ഗ്രാമത്തലവന് കൈമാറി. ഇതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോകാൻ തയ്യാറായത്.