ലോകത്തെ ഏറ്റവും മികച്ച രുചിപ്പട്ടികയിൽ ഇടംനേടി കോഴിക്കോട് പാരഗൺ

0
78

മലബാറിന്റെ രുചിപ്പെരുമ കടലുകൾ കടന്നു വരെ പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെയാണ് ആ രുചികൂട്ടുകൾ തേടി ഇങ്ങോട്ടേക്ക് ആളുകൾ എത്തുന്നത്. കോഴിക്കോട് വരെ പോയാൽ പാരഗണിലെ ബിരിയാണി മസ്റ്റ് ആണ് എന്നൊരു വർത്തമാനവും ആളുകൾക്കടിയിൽ ഉണ്ട്. ഒരിക്കലെങ്കിലും രുചിച്ചറിയേണ്ട കേരളത്തിലെ അപൂര്‍വം ഹോട്ടലുകളിലൊന്നാണ് പാരഗണിലെ ബിരിയാണി. ആ പ്രസിദ്ധി ഇപ്പോൾ രാജ്യാന്തര തലത്തിലും എത്തിയിരിക്കുകയാണ്. ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ലോകത്തെ 150 ഐതിഹാസിക റസ്റ്ററന്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് പാരഗൺ.

11ാം സ്ഥാനമാണ് പാരഗണും അവിടുത്തെ ബിരിയാണിയും ഇടം നേടിയിരിക്കുന്നത്. പട്ടികയില്‍ ഇടംപിടിച്ച ഏഴ് ഇന്ത്യന്‍ റസ്റ്ററന്റുകളിൽ ഒന്നുകൂടിയാണ് കോഴിക്കോടിന്റെ പാരഗൺ. അതിൽ മുന്നിൽ തന്നെയാണ് ഈ രുചി ഇടംപിടിച്ചിരിക്കുന്നത്. കേരളത്തിന്റെ സമ്പന്നമായ രുചിവൈവിധ്യത്തിന്റേയും പരമ്പരാഗതമായ മലബാര്‍ ഭക്ഷണങ്ങളുടേയും അടയാളമായാണ് പാരഗൺ ബിരിയാണി എന്നാണ് ടേസ്റ്റ് അറ്റ്‌ലസ് പറയുന്നത്. 1939ല്‍ ആണ് പാരഗൺ സ്ഥാപിച്ചത്. അന്നുമുതൽ തന്നെ ഏറെ പേരുകേട്ടതാണ് ഇവിടുത്തെ ചിക്കന്‍ ബിരിയാണിയും.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടുത്തെ ഭക്ഷണങ്ങൾ നിങ്ങൾ രുചിച്ചിരിക്കണം എന്ന ടാഗോടെയാണ് ടേസ്റ്റ് അറ്റ്‌ലസ് ലോകത്തിന്റെ പലഭാഗത്തു നിന്നുള്ള ഭക്ഷണങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ‘രാജ്യാന്തര യാത്രയും നാടന്‍ ഭക്ഷണവും’ എന്നാണ്ആ ടേസ്റ്റ് അറ്റ്ലസിന്റെ ആപ്തവാക്യം. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് ഓസ്ട്രിയയിലെ വിയന്നയിലുള്ള ഫിഗൽമുള്ളർ(Figlmu)ller ആണ്. ഇവിടുത്തെ ഷ്നിറ്റ്സെൽ വീനർ ആർട്ട് എന്ന ഭക്ഷണമാണ് ഈ റെസ്റ്ററന്റിനെ ഒന്നാമതെത്തിച്ചത്. രണ്ടാം സ്ഥാനത്ത് ന്യൂയോര്‍ക്ക് സിറ്റിയിലെ കാറ്റ്‌സ് ഡെലിക്കേറ്റസെൻ ആണ്. ഇന്തൊനേഷ്യയിലെ സാനുറിലുള്ള വാറങ് മാക് ബെങ് എന്ന റസ്റ്ററന്റാണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യയില്‍ നിന്നുള്ള ഭക്ഷണശാലകളിൽ പാരഗൺ തന്നെയാണ് മുന്നിൽ. തൊട്ടുപിന്നിലായി 12 ആം സ്ഥാനത്ത് ലക്‌നൗവിലെ തുന്‍ഡേ കബാബിയാണ്. ഇവിടുത്തെ മുഗളായ് ഭക്ഷണങ്ങളാണ് ഏറെ പ്രസിദ്ധമാണ്. കൊല്‍ക്കത്തയിലെ പീറ്റര്‍ കാറ്റ് 17 ആം സ്ഥാനത്തും ഹരിയാനയിലെ മുര്‍ത്തലിലുള്ള അമൃത് സുഖ്‌ദേവ് ദാബ 23 ആം സ്ഥാനത്തും ബംഗളൂരുവിലെ മവാലി ടിഫിന്‍ റൂംസ് 39 ആം സ്ഥാനത്തും, ഡല്‍ഹിയിലെ കരിംസ് 87 ആം സ്ഥാനത്തും മുംബൈയിലെ രാം അശ്രായ 112ആം സ്ഥാനത്തുമുണ്ട്. ഇവയാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ച ഭക്ഷണശാലകൾ.