റഷ്യയിൽ ഭരണകൂട അട്ടിമറിക്ക് ശ്രമിച്ച് സ്വകാര്യ സൈന്യമായ വാഗ്നർ ഗ്രൂപ്പ്

0
103

റഷ്യയിൽ ഭരണകൂട അട്ടിമറിക്ക് ശ്രമിച്ച് സ്വകാര്യ സൈന്യമായ വാഗ്നർ ഗ്രൂപ്പ്. സ്വകാര്യ സൈന്യത്തിന്റെ ഉടമ യൗഗനി പ്രിഗോഷിൻ്റെ നേതൃത്വത്തിൽ അട്ടിമറി നീക്കം നടന്നതായാണ് റഷ്യൻ ആരോപണം. ചതിക്ക് മറുപടി കടുത്ത ശിക്ഷയാകുമെന്നാണ് വ്ലാദിമിർ പുടിൻ്റെ പ്രതികരണം. സെന്റ്പീറ്റേഴ്സ്ബർഗിലെ വാഗ്നർ ഗ്രൂപ്പ് ആസ്ഥാനത്ത് റഷ്യൻ സൈന്യം പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.

സ്വകാര്യ സൈനിക ശക്തിയായ വാഗ്നർ ഗ്രൂപ്പിലെ അംഗങ്ങളോടുള്ള റഷ്യൻ അട്ടിമറി ആഹ്വാനമായി തലവൻ യൗഗനി പ്രിഗോഷിൻ്റെ ഒരു ശബ്ദ സന്ദേശം ടെലഗ്രാമിൽ പ്രചരിച്ചിരുന്നു. എല്ലാവരോടും തയ്യാറായി ഇരിക്കാനും 25,000 അംഗങ്ങളുടെ ഗ്രൂപ്പുകളായി തിരിയാനുമാണ് പ്രിഗോഷിൻ ആവശ്യപ്പെട്ടത്. ആദ്യം ഞങ്ങൾ ഒരു 25,000, പിന്നീട് മറ്റൊരു 25,000 എന്ന നിലയിൽ മരിക്കാൻ വരെ തയ്യാർ ആണെന്നും പ്രിഗോഷിൻ്റെ ശബ്ദ സന്ദേശത്തിൽ വ്യക്തമായിരുന്നു. പിന്നീട് റോസ്‌തവ് നഗരത്തിലെ റഷ്യൻ സൈനിക കേന്ദ്രം ലക്ഷ്യമാക്കി വാഗനർ ഗ്രൂപ്പിൻറെ പടയോട്ടം. എന്നാൽ ഉടൻ തന്നെ റഷ്യ അട്ടിമറി നീക്കത്തെ പ്രതിരോധിച്ചു എന്നാണ് സൂചന. സുരക്ഷയുടെ ഭാഗമായി മോസ്കോ അടക്കമുള്ള പ്രധാന നഗരങ്ങളെല്ലാം ബന്തവസിലാക്കിയിട്ടുണ്ട്.

അട്ടിമറി നീക്കത്തിന് ശ്രമിച്ച യൗഗനി പ്രിഗോഷിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ റഷ്യ ആരംഭിച്ചിട്ടുണ്ട്. സെൻപീറ്റേഴ്സ്ബർഗിലെ വാഗ്നർ ഗ്രൂപ്പ് ആസ്ഥാനത്ത് റഷ്യൻ സൈന്യം പരിശോധനയും നടത്തി. യുക്രെനുമായുള്ള യുദ്ധത്തിലടക്കം പല യുദ്ധഭൂമികളിലും റഷ്യ വാഗ്നർ ഗ്രൂപ്പിനെ ഉപയോഗിച്ചിട്ടുണ്ട്. ബാക്‌മത്തിൽ യുദ്ധം തുടരുന്നതിനിടെ റഷ്യ വാഗ്നർ സൈന്യത്തെ പിൻവലിച്ചതിനാൽ പുടിൻ ഭരണകൂടം അട്ടിമറി നീക്കം മുൻകൂട്ടി കണ്ടിരുന്നുവെന്നും നിരീക്ഷണങ്ങളുണ്ട്.

രാജ്യത്തിൻറെ ഐക്യം തകർക്കാനുള്ള നീക്കത്തെ ഏതുവിധേനയും പ്രതിരോധിക്കുമെന്നും ചതിക്കു മറുപടി കടുത്ത ശിക്ഷ തന്നെയാകുമെന്നും റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ പ്രതികരിച്ചു. രാഷ്ട്രീയ ചൂതാട്ടം നടത്തുന്നവർ റഷ്യയെ പുറകിൽ നിന്ന് കുത്തുകയാണെന്നും പുടിൻ ആരോപിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതികരണം.