ഇന്ത്യയില്‍നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലെത്തിയ പുരാവസ്തുക്കള്‍ മടക്കിനല്‍കാനൊരുങ്ങി അമേരിക്ക

0
114

ഇന്ത്യയില്‍നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലെത്തിയ നൂറിലധികം പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് മടക്കിനല്‍കാനൊരുങ്ങി അമേരിക്ക. യുഎസ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിനത്തില്‍ റൊണാള്‍ഡ് റീഗന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ പക്കല്‍നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട നൂറിലധികം പുരാവസ്തുക്കള്‍ ഇന്ത്യക്ക് മടക്കിത്തരാനുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ താന്‍ സന്തോഷവാനാണെന്ന് മോദി പറഞ്ഞു. ഈ പുരാവസ്തുക്കള്‍ അന്താരാഷ്ട്ര വിപണിയില്‍ എത്തിച്ചേര്‍ന്നിരുന്നെന്നും പുരാവസ്തുക്കള്‍ മടക്കിത്തരാനുള്ള തീരുമാനത്തിന് അമേരിക്കന്‍ സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശരിയായതോ തെറ്റായതോ ആയ വഴികളിലൂടെയാണ് ഇന്ത്യന്‍ പുരാവസ്തുക്കള്‍ അന്താരാഷ്ട്ര വിപണിയിലെത്തിയത്. എന്നാല്‍, അത് തിരിച്ചുതരാനുള്ള അമേരിക്കയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വൈകാരിക അടുപ്പത്തെയാണ് കാണിക്കുന്നതെന്നും മോദി പറഞ്ഞു. 2022-ല്‍ 307 പുരാവസ്തുക്കള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് മടക്കി നല്‍കിയിരുന്നു.

ഇന്ത്യയുടെ ആത്മീയവും സാംസ്‌കാരികവുമായ അവശേഷിപ്പുകൾ തിരികെ എത്തിക്കാൻ അധികാരത്തിലെത്തിയതു മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ആഗോളതലത്തിൽ വിഷയം ഉന്നയിക്കുകയും 251 വസ്തുക്കൾ തിരികെ എത്തിക്കുകയും ചെയ്തു. മോദി അധികാരത്തിലെത്തിയതിന് ശേഷമാണ് 238 എണ്ണവും ഇന്ത്യയിലേക്ക് എത്തിച്ചത്. 2022ൽ യുഎസ് അധികൃതർ 307 വസ്തുക്കളാണ് തിരികെ ഏൽപ്പിച്ചത്. ഏകദേശം നാല് ദശലക്ഷം യുഎസ് ഡോളർ വിലമതിക്കുന്നതാണ് ഈ പുരാവസ്തുക്കൾ.