Wednesday
17 December 2025
29.8 C
Kerala
HomeIndiaബരാക് ഒബാമയ്‌ക്കെതിരായ ട്വീറ്റില്‍ വിവാദത്തിലായി അസം മുഖ്യമന്ത്രി

ബരാക് ഒബാമയ്‌ക്കെതിരായ ട്വീറ്റില്‍ വിവാദത്തിലായി അസം മുഖ്യമന്ത്രി

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ സംരക്ഷണത്തെ കുറിച്ചുള്ള മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ വിവാദത്തിലായിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. ഹുസൈന്‍ ഒബാമമാരെ പോലെ നിരവധി പേര്‍ ഇന്ത്യയിലുണ്ടെന്നും അവരെയെല്ലാം പൊലീസ് ‘കൈകാര്യം’ ചെയ്യുമെന്നുമായിരുന്നു ഹിമന്ത ബിശ്വശര്‍മയുടെ വിവാദ പ്രസ്താവന. ഈ പ്രസ്താവന ഹിമന്ത നടത്താനുണ്ടായ സാഹചര്യമാകട്ടെ, മാധ്യമപ്രവര്‍ത്തക രോഹിണി സിങിന് നല്‍കിയ ഒരു ട്വീറ്റിലെ മറുപടിയാണ്. ട്വീറ്റിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി.

ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലിം വിഭാഗങ്ങളുടെ അവകാശം സംരക്ഷിച്ചില്ലെങ്കില്‍ ഇന്ത്യ പലതായി ചിതറി പോകുമെന്നും ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമ്പോള്‍ ഇതേക്കുറിച്ചാണ് യുഎസ് പ്രസിഡന്റ് ചോദിക്കേണ്ടതെന്നുമായിരുന്നു സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒബാമയുടെ വാക്കുകള്‍. ഈ വിഡിയോ പങ്കുവച്ചുകൊണ്ട്, ഗുവാഹത്തി പൊലീസ് ഒബാമയ്‌ക്കെതിരെ കേസെടുക്കുമോ എന്നാണ് രോഹിണി സിങ് ചോദിച്ചത്. ഈ ട്വീറ്റിനാണ് ഹിമന്ത ബിശ്വശര്‍മ മറുപടി നല്‍കിയത്.

ഒബാമയെ അറസ്റ്റ് ചെയ്യാനായി ഗുവാഹത്തി പൊലീസ് വാഷിങ്ടണിലേക്ക് യാത്രി തിരിച്ചോ എന്നും രോഹണി സിങി ട്വീറ്റില്‍ പരിഹസിക്കുന്നുണ്ട്. വിവിധ പരാമര്‍ശങ്ങളുടെ പേരില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അസമില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ പരാമര്‍ശിച്ചായിരുന്നു രോഹിണിയുടെ ട്വീറ്റ്.

നരേന്ദ്രമോദി യുഎസില്‍ വച്ച് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുകയും ബൈഡനോടൊപ്പമുള്ള വേദിയില്‍ ഇന്ത്യയില്‍ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരു വേര്‍തിരിവുമില്ലെന്ന് പറയുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അസം മുഖ്യമന്ത്രിയുടെ വിവാദ ട്വീറ്റ്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇന്ത്യയിലേതെന്നും ജനാധിപത്യത്തിന്റെ മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നുവെന്നുമായിരുന്നു ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ മോദിയുടെ വാക്കുകള്‍. എന്റെ സുഹൃത്ത് ബരാക് ഇപ്പോള്‍ ഹുസൈന്‍ ഒബാമയാണെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിന്ദെ ഹിമന്ത ബിശ്വ ശര്‍മയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് വിമര്‍ശിച്ചു.

RELATED ARTICLES

Most Popular

Recent Comments