NBA അക്രെഡിറ്റേഷൻ മികവിൽ സംസ്ഥാനത്തെ 2 എൻജിനിയറിങ് കോളേജുകൾ കൂടി

0
64

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും അഭിമാനമായി രണ്ട് എൻജിനിയറിങ് കോളേജുകൾക്ക് കൂടി NBA അക്രെഡിറ്റേഷൻ ലഭിച്ചു. ഇടുക്കിയിലെ ഗവ. എൻജിനിയറിങ് കോളേജ്, തിരുവനന്തപുരത്തെ എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻസ് പൂജപ്പുര എന്നീ കോളേജുകളാണ് മികവിന്റെ നേട്ടം സ്വന്തമാക്കിയത്. പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനിയറിങ് കോളേജ് നില മെച്ചപ്പെടുത്തുകയും ചെയ്തു.

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകൾക്കാണ് ഇടുക്കി ഗവ. എൻജിനിയറിങ് കോളേജ് NBA അക്രെഡിറ്റേഷൻ നേടിയത്. സിവിൽ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ 4 പ്രോഗ്രാമുകൾക്കാണ് എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻസ് പൂജപ്പുര ഈ നേട്ടം കരസ്ഥമാക്കിയത്.

പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനിയറിങ് കോളേജിലെ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിനാണ് NBA അക്രെഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ തിളക്കത്തിന് കൂടുതൽ മിഴിവേകിയ കോളേജുകളെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അഭിനന്ദിച്ചു.