യുവാവിനെ സമൂഹ മാധ്യമത്തിലെ ലൈവ് സ്ട്രീമിങ്ങിനിടെ അവഹേളിച്ച യുവതിയ്ക്ക് 60,000 ദിര്‍ഹം പിഴയും ആറുമാസം തടവും. എമിറേറ്റില്‍ അടുത്തിടെ നടന്ന പുസ്തകമേളയ്ക്കിടെയായിരുന്നു യുവതി ചടങ്ങില്‍ സംബന്ധിക്കാനെത്തിയ യുവാവിനെ അവഹേളിച്ചത്. ഇതേത്തുടര്‍ന്ന് അബുദാബി കോടതി യുവതിയെ മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഈ ശിക്ഷയാണ് അബുദാബി ക്രിമിനല്‍ കോടതി ആറുമാസമായി കുറച്ചുനല്‍കിയത്.
മറ്റൊരാളുടെ സ്വകാര്യതയില്‍ നുഴഞ്ഞുകയറിയതിന് 50,000 ദിര്‍ഹവും അവഹേളിച്ചതിന് 10,000 ദിര്‍ഹവുമാണ് കോടതി പിഴ ചുമത്തിയത്. യുവതി സമൂഹ മാധ്യമത്തില്‍ അപ്ലോഡ് ചെയ്ത ഈ വിഡിയോയും ഫോട്ടോകളും ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. വിഡിയോ പകര്‍ത്താനുപയോഗിച്ച ഉപകരണം പിടിച്ചെടുക്കുകയും ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തു. തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്തും.
അതേസമയം യുവതി ഏതു രാജ്യക്കാരിയാണെന്നതടക്കമുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. യുഎഇക്ക് പുറത്തുവെച്ച് നടന്ന കേസുമായി ബന്ധപ്പെട്ടാണ് യുവതി പുസ്തകമേളയുടെ വേദിയില്‍വെച്ച് യുവാവിനെ അവഹേളിച്ച് സംസാരിച്ചതെന്ന് അബുദാബി പൊലീസ് കണ്ടെത്തിയിരുന്നു.
ഓണ്‍ലൈനില്‍ മറ്റുള്ളവരെ അവഹേളിച്ചാല്‍ കടുത്ത പിഴയാണ് യു.എ.ഇ നിയമം വ്യവസ്ഥ ചെയ്യുന്നത്. വാട്സ്ആപ് അടക്കമുള്ള ആപ്ലിക്കേഷനുകളിലൂടെയും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുള്ളവരെ അവഹേളിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് തടവുശിക്ഷയും അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ലഭിച്ചേക്കാം.