പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

0
95

കൊച്ചി: മോൺസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ. ഏഴ് മണിക്കൂ‍ർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. സുധാകരന്റെ അറസ്റ്റിനെതിരെ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺ​ഗ്രസ് വ്യക്തമാക്കി.

മോൺസൻ മാവുങ്കൽ ഒന്നാം പ്രതിയായ കേസിൽ കെ സുധാകരൻ രണ്ടാം പ്രതിയാണ്. കേസിലെ പരാതിക്കാർ നൽകിയ പത്ത് ലക്ഷം രൂപ സുധാകരന്റെ കൈവശം എത്തിയിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

രാവിലെ പതിനൊന്നു മണിയോടെയാണ് സുധാകരൻ കളമശേരി ക്രൈം ബ്രാ‍ഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സുധാകരന്റെ വാദം. എന്നാൽ പത്ത് ലക്ഷം രൂപ സുധാകരന് കൈമാറിയതിന് തെളിവുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

മോൺസൻ മാവുങ്കലിന്റെ മുൻ ഡ്രൈവറുടെ മൊഴിയും മറ്റ് രണ്ട് ജീവനക്കാരുടെ മൊഴിയുമാണ് സുധാകരനെതിരെയുള്ള തെളിവായി ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്. പരാതിക്കാരൻ 25 ലക്ഷം രൂപ മോൺസൻ മാവുങ്കലിന്റെ വീട്ടിലെത്തിച്ച് നൽകുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്നാണ് പരാതിക്കാരന്റെ മൊഴി. ഈ സമയം സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും ശാസ്ത്രീയ തെളിവുകളും ക്രൈം ബ്രാഞ്ച് ശേഖരിച്ചു.

സുധാകരനെന്നു പറഞ്ഞാണ് 25 ലക്ഷം രൂപ കൊണ്ടുവന്നത്. അതിൽ പത്ത് ലക്ഷം രൂപ സുധാകരന് കൈമാറിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ചോദ്യം ചെയ്യലിനിടെ രണ്ട് പരാതിക്കാരെ ഓൺലൈൻ വഴി ഹാജരാക്കി വിവരങ്ങൾ തേടി. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് സുധാകരനെ ഇനിയും വിളിച്ചുവരുത്തുമെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്.