വീട്ടിൽനിന്ന് സ്വർണഭാരണങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ മർദിച്ച് കൊലപ്പെടുത്തി ബന്ധുക്കൾ

0
85

വീട്ടിൽനിന്ന് സ്വർണഭാരണങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ ബന്ധുക്കൾ മർദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. 23 വയസുകാരിയായ സമീനയാണ് കൊല്ലപ്പെട്ടത്. മോഷണം കുറ്റം സമ്മതിപ്പിക്കാൻ സമീനയെ ബ്ലേഡും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നിലവിളി അയൽക്കാർ കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവയ്ക്കുകയും ചെയ്തു.

മർദനത്തിനൊടുവിൽ സമീന മരിച്ചെന്ന് മനസ്സിലായപ്പോൾ ബന്ധുക്കൾ ഓടിരക്ഷപ്പെട്ടു. വീട്ടിൽനിന്നു രണ്ടു ദിവസമായി നിർത്താതെ പാട്ടു കേട്ടതിനെ തുടർന്നു സംശയം തോന്നിയ അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

തിങ്കളാഴ്ചയാണ് ഗാസിയാബാദിലെ സിദ്ധാർത്ഥ് വിഹാറിൽ താമസിക്കുന്ന ബന്ധുക്കളായ ഹീനയുടെയും രമേശിന്റെയും വീട്ടിൽ സമീന എത്തിയത്. ഇരുവരുടെയും മകന്റെ ജന്മദിനാഘോഷത്തിൽ‌ പങ്കെടുക്കുന്നതിനാണ് സമീന വന്നത്. ഇതിനിടെ വീട്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി. സമീനയാണ് ഇത് മോഷ്ടിച്ചതെന്ന് ദമ്പതികൾ ആരോപിക്കുകയായിരുന്നു.

തുടർന്ന് ഹീനയും രമേശും മറ്റുള്ളവരും ചേർന്ന് വടി ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിച്ച് സമീനയെ മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുറ്റം സമ്മതിക്കാൻ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് വരയ്ക്കുകയും നിലവിളി കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ട് വയ്ക്കുകയും ചെയ്തു. ക്രൂരമർദനത്തെ തുടർന്ന് സമീന മരണത്തിന് കീഴടങ്ങിയതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു. എന്നാൽ പാട്ടു നിർത്താതെ കേട്ടതോടെ അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.