അട്ടപ്പാടി മധു വധക്കേസിൽ വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച അപേക്ഷയിൽ ഹൈകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് വിജി അരുണിൻെ ബെഞ്ചാണ് ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുക. വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ജാമ്യം നൽകണമെന്നാണ് പ്രതികളുടെ ആവശ്യം. വിചാരണ കോടതി ശിക്ഷ വിധിച്ചത് തങ്ങളുടെ വാദം വേണ്ടവിധം പരിഗണിക്കാതെയാണെന്ന് പ്രതികൾ നൽകിയ അപേക്ഷയിൽ പറയുന്നു. പ്രതികൾ നൽകിയ ഹർജിയെ സർക്കാർ എതിർത്തിരുന്നു.
ഒന്നാം പ്രതിയായ ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരാണ് മധുകേസിലെ പ്രതികൾ.
കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേരെയാണ് ഏഴ് കഠിന തടവിന് ശിക്ഷിച്ചത്. ഒന്നാം പ്രതി ഹുസൈന് 10,5000 രൂപയും മറ്റ് 12 പേർക്ക് 1,18,000 രൂപയുമാണ് പിഴ വിധിച്ചത്. ഐപിസി 352ാം വകുപ്പ് പ്രകാരം ബലപ്രയോഗ കുറ്റം മാത്രം ചുമത്തിയ 16ാം പ്രതി മുനീറിന് കോടതി മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് വിധിച്ചത്. ഇയാൾ കേസിൽ പല സമയങ്ങളിലായി മൂന്ന് മാസത്തിലേറെ ജയിലിൽ കഴിഞ്ഞതിനാൽ പിഴ തുക മാത്രം അടച്ചാൽ മതിയാകും.