മകന്റെ കസ്റ്റഡി സംബന്ധിച്ച കേസിൽ അമ്മയ്ക്കെതിരെ മോശം പരാമർശം നടത്തിയ കുടുംബക്കോടതിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

0
72

മകന്റെ കസ്റ്റഡി സംബന്ധിച്ച കേസിൽ അമ്മയ്ക്കെതിരെ മോശം പരാമർശം നടത്തിയ കുടുംബക്കോടതിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മൂന്നു വയസുകാരനായ മകന്റെ കസ്റ്റഡി പിതാവിനെ ഏൽപിച്ച ആലപ്പുഴ കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് അമ്മ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കുടുംബക്കോടതിയുടെ ഭാഷയെ വിമർശിച്ചത്.

മറ്റൊരു പുരുഷന്റെ കൂടെ കണ്ടെന്ന പേരിൽ ആനന്ദത്തിനായി മറ്റൊരാളുടെ കൂടെ പോയെന്ന തീരുമാനത്തിലാണു കുടുംബക്കോടതിയെത്തിയതെന്ന് ഹൈക്കോടതി പറഞ്ഞു. ആനന്ദത്തിനായി മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതാണെന്നും തന്നിഷ്ടപ്രകാരമുള്ള അമ്മയുടെ ജീവിതം കുട്ടിയുടെ ക്ഷേമത്തെ ബാധിക്കുമെന്നുമായിരുന്നു കുടുംബക്കോടതി വിധിയിലുണ്ടായിരുന്നത്. ഇത്തരത്തിലുള്ള അരുചികരമായ ഭാഷ ജില്ലാ ജുഡീഷ്യറിയിലെ ഉന്നത റാങ്കിലിരിക്കുന്ന ഉദ്യോഗസ്ഥന്റെ മനോഭാവമാണ് വ്യക്തമാക്കുന്നത്. വീടുവിട്ടിറങ്ങാൻ പല സാഹചര്യങ്ങളുമുണ്ടാകാം. അവരെ മറ്റൊരാൾക്കൊപ്പം കണ്ടാൽ ഇത്തരത്തിലുള്ള അനുമാനത്തിലെത്തരുതെന്നും കോടതി പറഞ്ഞു.

കാഴ്ച വെല്ലുവിളിയുള്ള മൂത്തകുട്ടി പിതാവിനൊപ്പമാണ്. ബന്ധം മോശമായതിനെ തുടർന്നാണു ഭർതൃഗൃഹത്തിൽനിന്ന് പോയതെന്നാണു ഭാര്യ അറിയിച്ചത്. എന്നാൽ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതാണെന്ന് ഭർത്താവ് വാദിച്ചു.

ഉത്തരവുകളിലെ ധാർമിക വിധി പ്രസ്താവം കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ലക്ഷ്യം തന്നെ പരാജയപ്പെടുത്തുമെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു. ഇക്കാര്യത്തിൽ ക്ഷേമം മാത്രമായിരിക്കണം പ്രഥമ പരിഗണന. പുരുഷനോ സ്ത്രീയോ സന്ദർഭോചിതമായി മോശമായിരിക്കാം, എന്നാൽ കുട്ടിയെ സംബന്ധിച്ച് അവർ മോശമാകണമെന്നില്ല. സമൂഹത്തിന്റെ കണ്ണിൽ ധാർമികമായി ഒരമ്മ ഒരുപക്ഷേ, മോശമാകാം, എന്നാൽ കുട്ടിയുടെ ക്ഷേമം പരിഗണിക്കുമ്പോൾ അമ്മ നല്ലതാകാം.

ഗർഭപാത്രത്തിൽ 9 മാസം വഹിച്ചു, പരിചരിച്ചു, പ്രസവവേദനയും സഹനവും അറിയുന്നതിനാലാണ് കുട്ടിയോടുള്ള അമ്മയുടെ കരുതലിനെ ഈ രാജ്യത്ത് ആരാധിക്കുന്നത്. അമ്മയുടെയോ പിതാവിന്റെയോ കസ്റ്റഡിയിൽ കുഞ്ഞിനെ എത്രമാത്രം പരിചരിക്കുന്നുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി, കുടുംബക്കോടതി ഉത്തരവ് റദ്ദാക്കുകയും ഒന്നിടവിട്ട ആഴ്ചകളിൽ കുട്ടിയെ മാതാവിന്റെ കസ്റ്റഡിയിൽ ഏൽപിക്കാൻ നിർദേശിച്ച് ഹർജി തീർപ്പാക്കുകയും ചെയ്തു.