ഏറ്റവും അധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോർഡ് നേട്ടമാണ് 2023 ലെ യോഗ ദിനാചരണത്തിന് കൈവന്നിരിക്കുന്നത്. 135 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ ഐക്യരാഷ്ട്ര സഭയുടെ ന്യൂയോർക്കിലെ ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണത്തിൽ പങ്കെടുത്തത്. ഖത്തറിൽ 2022 ൽ നടന്ന യോഗ ദിനാചരണത്തിനായിരുന്നു നേരത്തെ ഈ റെക്കോർഡ്. ഇന്ത്യൻ എംബസിയുടെ കീഴിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ സംഘടിപ്പിച്ച ആ യോഗ പരിപാടിയിൽ 114 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഭാഗമായിരുന്നത്. ഈ ഗിന്നസ് റെക്കോർഡാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇത്തവണ തിരുത്തിയത്.
യോഗ ഇന്ത്യയുടെ സംഭാവനയാണെന്നും ജീവിതത്തിന്റെ ഭാഗമാണെന്നും പറഞ്ഞ അദ്ദേഹം യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്നും പറഞ്ഞു. നയതന്ത്ര രംഗത്ത് ഇന്ത്യയുടെ ശക്തി വിളിച്ചോതുന്ന പ്രൗഢ ഗംഭീര പരിപാടിയായി ഇത്തവണത്തെ യോഗ ദിനാചരണം മാറി. ശാരീരിക ആരോഗ്യ പരിപാലനം മാത്രമല്ല യോഗയിലൂടെ സ്വായത്തമാകുന്നതെന്നും അനുകമ്പയുള്ള മനസുകൾ സൃഷ്ടിക്കാനും യോഗയ്ക്ക് സാധിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പേറ്റന്റോ കോപ്പിറൈറ്റോ റോയൽറ്റിയോ യോഗയ്ക്ക് ഇല്ലെന്നും ലോകത്തിനും ഇന്ത്യയുടെ സംഭാവനയായി യോഗ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ മുന്നോട്ട് വെച്ച ആശയത്തെ ഏറ്റെടുത്ത് യോഗയ്ക്ക് ശക്തമായ പ്രചാരണം നൽകിയ ലോകരാഷ്ട്രങ്ങളെ പ്രധാനമന്ത്ര നരേന്ദ്ര മോദി അഭിനന്ദിച്ചു. പുതിയ ഗിന്നസ് റെക്കോർഡ് ചടങ്ങിൽ വെച്ച് അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തു.
അതേസമയം ഇന്ത്യയിൽ വസുധൈവ കുടുംബകമെന്ന സന്ദേശമുയർത്തി യോഗ ദിനാചരണത്തിന്റെ ഭാഗമായി ആഘോഷ പരിപാടികൾ നടത്തി. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു യോഗാദിനാഘോഷത്തിൽ പങ്കെടുത്തു. യോഗ ഇന്ത്യ ലോകത്തിന് നൽകിയ അമൂല്യ സമ്മാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. 15000 പേർ മധ്യപ്രദേശിലെ ജബൽപൂരിൽ യോഗാദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു. ഉപരാഷ്ട്രപതി മുഖ്യാതിഥിയായി. കൊച്ചിയിൽ ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് ഐഎൻഎസ് വിക്രാന്തിൽ നടന്ന യോഗ ദിനാചരണത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേതൃത്വം നൽകി. സമുദ്ര വലയമെന്ന പേരിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേനയുടെ വിവിധ കപ്പലുകളിലും യോഗാഭ്യാസം നടന്നു.