ലൈം​ഗീക പീഡനം നടക്കുന്ന കാലയളവിൽ സുധാകരൻ മോൺസൻ്റെ വീട്ടിൽ സ്ഥിരം സന്ദർശകൻ ; നി‍ർണായകമായ സാക്ഷിമൊഴി പുറത്ത്

0
174

തിരുവനന്തപുരം: തട്ടിപ്പുകാരൻ മോൺസൻ മാവുങ്കൽ പെൺകുട്ടികളെ ലൈം​ഗീകമായി പീഡിപ്പിക്കുന്ന കാലത്ത് കെ സുധാകരൻ മോൺസൻ മാവുങ്കലിന്റെ സ്ഥാപനത്തിലും വീട്ടിലും സ്ഥിരം സന്ദ‍ർശകനായിരുന്നുവെന്ന് സാക്ഷിമൊഴി. പെരുമ്പാവൂർ കോടതിയിൽ സാക്ഷി നൽകിയ മൊഴിയിലാണ് നിർണായക വിവരങ്ങളുള്ളത്, കൈരളി ടി വി റിപ്പോ‍ർട്ട് ചെയ്തു.

2017 നവംബറിലാണ് മേൽപ്പറഞ്ഞ സാക്ഷി മോൺസന്റെ കോസ്മോസ് എന്ന സ്ഥാപനത്തിന്റെ എച്ച്ആർ വിഭാ​ഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2019 അവസാനം വരെ ഈ സ്ഥാപനത്തിൽ അവർ ജോലി ചെയ്തു. ഇക്കാലയളവിൽ ഏഴോളം തവണ ലൈം​ഗീക പീഡനം നടന്നുവെന്നും 2019 ജൂൺ മാസത്തിൽ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ​ഗ‍ർഭഛിദ്രം നടന്നതായും എഫ്ഐആറിൽ പറയുന്നുണ്ട്.

2018 മുതൽ കെ സുധാകരൻ മോൺസൻ മാവുങ്കലിന്റെ വീട്ടിൽ വരാറുണ്ടെന്ന് സാക്ഷിമൊഴി വ്യക്തമാക്കുന്നു. എബിൻ എന്നയാളാണ് 2018ൽ സുധാകരനെ മോൺസന്റെ വീട്ടിൽ എത്തിച്ചതെന്നും മൊഴിയിൽ പറയുന്നുണ്ട്.

അതേസമയം മോൺസൻ മാവുങ്കലിനെ പരമാവധി പിണക്കാതെ മുന്നോട്ടുപോകുകയെന്ന നയമാണ് കെ സുധാകരൻ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ മോൺസണെ പിണക്കാൻ താൽപര്യമില്ലെന്ന് സുധാകരൻ വ്യക്തമാക്കിയിരുന്നു. പോക്സോ കേസിൽ പ്രതിയായ ഒരു വ്യക്തിയെ ഇത്തരത്തിൽ പിന്തുണയ്ക്കാൻ കാരണമെന്തെന്ന് മാധ്യമ പ്രവർത്തകരിൽ നിന്നും ചോദ്യം ഉണ്ടായില്ല.

“എനിക്ക് അദ്ദേഹത്തെ ശത്രുപക്ഷത്ത് നിർത്താൻ താൽപര്യമില്ല. എന്നോട് വളരെ സ്നേഹപൂർവം പെരുമാറിയ ആളാണ്. ഞാൻ ഏൽപ്പിച്ച പല കാര്യങ്ങളും അദ്ദേഹം ചെയ്തു തന്നിട്ടുണ്ട്.” എന്നായിരുന്നു മോൺസൻ മാവുങ്കലിനെക്കുറിച്ചുള്ള സുധാകരന്റെ പ്രതികരണം.