ബെംഗളൂരുവിലെ ക്രിസ്‌ത്യൻ പള്ളി അടിച്ചുതകർത്ത സംഭവത്തിൽ മലയാളി അറസ്റ്റിൽ

0
78

ക്രിസ്‌ത്യൻ പള്ളി അടിച്ചുതകർത്ത സംഭവത്തിൽ മലയാളി അറസ്റ്റിൽ. ബെംഗളൂരുവിലെ കമ്മനഹള്ളി സെന്റ് പയസ് പള്ളിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ബാനസവാടിയിൽ താമസിക്കുന്ന ടോം മാത്യു (29) ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 4.30നാണ് പള്ളിയുടെ മുൻവാതിൽ ചുറ്റിക കൊണ്ട് തകർത്ത് ഇയാൾ അകത്ത് കടന്നത്. പിന്നാലെ അകത്തുണ്ടായിരുന്ന ബലിപീഠവും ഉപകരണങ്ങളും തകർത്തു.

ശബ്ദം കേട്ട് ഓടിയെത്തിയവരാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവാവ് മദ്യലഹരിയിൽ ആയിരുന്നുവെന്നും ചോദ്യം ചെയ്തപ്പോൾ പരസ്‌പര വിരുദ്ധമായാണ് സംസാരിച്ചതെന്നും പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ ഇയാൾ കുടുംബ പ്രശ്നങ്ങൾ മൂലം മാനസികമായി തകർന്നിരിക്കുകയാണെന്ന് കണ്ടെത്തി.

നാലുവർഷം മുൻപ് മാത്യുവിന്റെ പിതാവ് കുടുംബം ഉപേക്ഷിച്ച് പോയിരുന്നു. ഇതാണ് അദ്ദേഹത്തെ മാനസികമായി ബാധിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ കഴിഞ്ഞ രണ്ടുവർഷമായി മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അമ്മ പതിവായി പോകാറുള്ള പള്ളിയിലാണ് ഇയാൾ ആക്രമണം നടത്തിയത്. അടുത്തിടെ മാതാവ് പള്ളിയിൽ പോകുമ്പോഴെല്ലാം താൻ ദൈവമാണെന്ന് മാത്യു പറയുമായിരുന്നു. ഇയാളുടെ കുടുംബം കേരളത്തിൽ നിന്നാണെങ്കിലും കഴിഞ്ഞ 30വർഷമായി ബെംഗളൂരുവിലാണ് താമസിക്കുന്നത്.