ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുളള യാത്രയ്ക്കിടെ കാണാതായ ആന്തര്‍വാഹിനിയ്ക്കായുളള തിരച്ചില്‍ തുടരുന്നു. അതേസമയം അറ്റ്‌ലാന്റിക് സമുദ്രത്തിലെ വെള്ളത്തിനടിയില്‍ ഓരോ 30 മിനിറ്റിനുശേഷവും സോണാറുകള്‍ ശബ്ദ തംരംഗങ്ങള്‍ പിടിച്ചെടുക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വെള്ളത്തിനടിയില്‍ നിന്ന് ആദ്യ ശബ്ദ തംരംഗങ്ങള്‍ കേട്ടതിന് പിന്നാലെ അധിക സോണാര്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അധിക സോണാറുകള്‍ വിന്യസിച്ചതിന് ശേഷവും ശബ്ദ തംരംഗങ്ങള്‍ കേട്ടുകൊണ്ടിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഇത് എപ്പോഴാണ് കേട്ടതെന്നോ എത്ര നേരം കേട്ടു എന്നോ വ്യക്തമല്ലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കനേഡിയന്‍ പി8 വിമാനം ‘ഓരോ 30 മിനിറ്റിലും പ്രദേശത്ത് ഇടിക്കുന്ന ശബ്ദം കേട്ടിരുന്നു’ എന്നും റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയില്‍ വന്ന മറ്റൊരു അപ്ഡേറ്റിലും കൂടുതല്‍ ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്.