പിന്നാക്കവിഭാഗ വികസനത്തിനായി സർക്കാർ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടൽ: മന്ത്രി കെ. രാധാകൃഷ്ണൻ

0
60

പിന്നാക്കവിഭാഗ വികസനത്തിനായി സർക്കാർ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടലാണെന്ന് പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ മേഖലയായ തൊടുമല വാർഡിൽ ഒരുകോടി രൂപ അനുവദിച്ചു നടപ്പിലാക്കിയ, അംബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച തെന്മല കമ്മ്യൂണിറ്റി ഹാൾ, പീയണിപ്പാറ- കണ്ണുമാമൂട് റോഡ്, പുരവിമല തേക്കിൻമൂട് റോഡ് എന്നിവയുടെ പൂർത്തീകരണ ഉദ്ഘാടനവും തൊടുമല വാർഡിൽ 14 കോടി രൂപ ചെലവിൽ ആരംഭിക്കുന്ന ജലജീവൻ മിഷൻ സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മെച്ചപ്പെട്ട വിദ്യാഭ്യാസം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. റോഡുകൾ, വൈദ്യുതി, ഇൻ്റർനെറ്റ് എന്നീ സൗകര്യങ്ങൾ മിക്കയിടങ്ങളിലും എത്തിച്ചു. ഡിസംബർ 31 ഓടെ ആദിവാസി മേഖലയിൽ സമ്പൂർണമായി ഇൻ്റർനെറ്റ് എത്തിച്ച സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

തൊടുമല വാർഡിലെ 86 കുടുംബങ്ങൾക്കാണ് കമ്മ്യൂണിറ്റി ഹാളും കണ്ണമാമൂട് റോഡും വന്നതോടെ ആശ്വാസം ലഭിച്ചത്. തൊടുമല വാർഡിലെ 11 സെറ്റിൽമെൻറ് കോളനികളിലെ 750 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി 10.45 കോടി രൂപ ചിലവിലാണ് നടപ്പാക്കുന്നത്. അമ്പൂരി കൃഷിഭവൻ വഴി നടപ്പാക്കുന്ന ‘ഒരു കുട്ട പൂക്കൾ’ കൃഷി പദ്ധതിയും മന്ത്രി ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

സി കെ ഹരീന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായിരുന്നു. അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സല രാജു, പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ മേഘശ്രീ ഡി ആർ, വിവിധ തദ്ദേശ ഭരണ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.