ബോക്സ് ഓഫീസിൽ കിതച്ച് ആദിപുരുഷ്

0
23

വലിയ ക്യാൻവാസിൽ ഒരുക്കിയ സംവിധായകൻ ഓം റൗട്ടിന്റെ ബ്രഹ്മാണ്ഡചിത്രം ബോക്സ് ഓഫീസിൽ കിതക്കുന്നു. റിലീസിനു മുൻപെ വലിയ ഹൈപ്പ് ലഭിച്ച ചിത്രം റിലീസ് ചെയ്തിട്ട് അഞ്ചു ദിവസം പിന്നിടുമ്പോൾ വിമർശനങ്ങളും വിവാദങ്ങളും ബോക്സ് ഓഫീസിനെയും സ്വാധീനിച്ചിട്ടുണ്ട് എന്നു വേണം പറയാൻ. വലിയ പ്രതീക്ഷയോടെ എത്തിയ ആദിപുരുഷിന്റെ ബോക്സ് ഓഫീസ് തേരോട്ടം ഒരാഴ്ച കൊണ്ടു തന്നെ ഏകദേശം അവസാനിച്ച മട്ടാണ്. പ്രഭാസ്, കൃതി സനോൻ, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം വാരാന്ത്യത്തിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരുന്നു, എന്നാൽ തിങ്കളാഴ്ചയോടെ തന്നെ ചിത്രത്തിന്റെ തിയേറ്റർ കളക്ഷനിൽ 75 ശതമാനത്തോളം ഇടിവ് സംഭവിച്ചു. ചൊവ്വാഴ്ചയും ചിത്രത്തിന് തിയേറ്ററിൽ തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്.

500 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ഇതുവരെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നുമായി കളക്റ്റ് ചെയ്തത് 375 കോടി രൂപയാണ്. തുടക്കത്തിലെ തിയേറ്റർ ഹൈപ്പ് നിലനിർത്താൻ കഴിയുന്നില്ല എന്നത് കളക്ഷനെ വലിയ രീതിയിൽ സ്വാധീനിക്കുമെന്നാണ് ഇൻഡസ്ട്രി ട്രാക്കർമാർ ചൂണ്ടി കാണിക്കുന്നത്.

ചിത്രം റിലീസ് ചെയ്ത ദിവസം മുതൽ ഉള്ളടക്കത്തെ സംബന്ധിച്ചും വിഎഫ്എക്സിനെ കുറിച്ചും ചിത്രത്തിൽ ഉപയോഗിച്ച ഭാഷയെ കുറിച്ചുമൊക്കെ പ്രേക്ഷകരിൽ നിന്നും വ്യാപകമായ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്ന് സംഭാഷണങ്ങളിൽ മാറ്റം വരുത്താനും ഉടനെ തന്നെ ചിത്രത്തിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനും നിർമാതാക്കൾ തീരുമാനിച്ചു. ആദിപുരുഷിന്റെ നവീകരിച്ച പതിപ്പ് ബോക്‌സ് ഓഫീസിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുമോ എന്ന് കണ്ടറിയണം. കാരണം അരോചകമായ വിഎഫ്‌എക്‌സ്, മോശം കഥാപാത്ര രൂപകല്പന എന്നിവയാൽ ഇതിനകം തന്നെ പ്രേക്ഷകരുടെ അതൃപ്തി നേടി കഴിഞ്ഞിട്ടുണ്ട്.

ചിത്രത്തിനെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം രാമായണം (1987) പരമ്പരയിൽ ലക്ഷ്മണനായി വേഷമിട്ട നടൻ സുനിൽ ലാഹ്‌രിയും രംഗത്തെത്തിയിരുന്നു. ആദിപുരുഷ് കണ്ടതിന് ശേഷം താൻ ഞെട്ടിപ്പോയെന്നും ഏറെ നിരാശഭരിതനാണെന്നുമായിരുന്നു സുനിൽ ലാഹ്‌രിയുടെ പ്രതികരണം.

“ചിത്രത്തിൽ ഗ്രാഫിക്‌സ് ഉണ്ടായിരിക്കാം, ഒരു പെയിന്റിംഗ് പോലെ തോന്നാം. എന്നാൽ ഉള്ളടക്കവും ഇമോഷനുമില്ല. ആദിപുരുഷ് നിർമ്മാതാക്കൾ ആരെയാണ് ലക്ഷ്യമിടുന്നത് എന്നെനിക്ക് ശരിക്കും മനസ്സിലാകുന്നില്ല. ആഖ്യാനമില്ല, കഥയും കഥാപാത്ര രൂപീകരണവുമില്ല. എല്ലാം താളം തെറ്റിയിരിക്കുന്നു, വ്യത്യസ്തമാക്കാൻ അവർ എല്ലാം നശിപ്പിച്ചു. രാമനും ലക്ഷ്മണനും ഒരു വേർതിരിവും ഉണ്ടായിരുന്നില്ല, ഒരേ പോലെയിരിക്കുകയും പെരുമാറുകയും ചെയ്തു. രാവണൻ ഇരുമ്പ് അടിക്കുന്ന ഒരു കൊല്ലപ്പണിക്കാരനായി മാറി. എന്തായിരുന്നു അതിന്റെ ആവശ്യം? ടാറ്റൂകളുള്ള ആളാണ് മേഘനാഥ്, ഈ കഥാപാത്രങ്ങളുടെ ഹെയർസ്റ്റൈൽ അരോചകമാണ്. വിരാട് കോഹ്‌ലിയുടെ അതേ മുടിയാണ് രാവണനും. ഇത് നാണക്കേടാണ്,” എന്നാണ് രാമായണതാരം സുനിൽ പ്രതികരിച്ചത്.