അസമിലെ വെള്ളപ്പൊക്കം കൂടുതൽ ദുരിതത്തിലേക്ക്. ചൊവാഴ്‌ച മാത്രം ഒമ്പത് ജില്ലകളിലായി ഏകദേശം 34,000 ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി ഔദ്യോഗിക ബുള്ളറ്റിൻ അറിയിച്ചു. ബക്‌സ, ബാർപേട്ട, ദരാംഗ്, ദിബ്രുഗഡ്, കൊക്രജാർ, ലഖിംപൂർ, നാൽബാരി, സോനിത്പൂർ, ഉദൽഗുരി എന്നീ ജില്ലകളിലായി ഏകദേശം 34,000 പേരാണ് ഇരകളായതെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എഎസ്‌ഡിഎംഎ) പ്രതിദിന പ്രളയ റിപ്പോർട്ടിൽ പറയുന്നു. ലഖിംപൂരിൽ മാത്രം 22,000-ത്തിലധികം ആളുകളെയാണ് ബാധിച്ചത്. ദിബ്രുഗഢ് (3,900), കൊക്രജാർ (2,700-ലധികം) എന്നിങ്ങനെയാണ് കണക്കുകൾ. തിങ്കളാഴ്ച വരെ, അസമിലെ 10 ജില്ലകളിലായി 31,000 ത്തോളം ആളുകളാണ് വെള്ളപ്പൊക്കത്തിൽ വലയുന്നത്.
അതേസമയം, അടുത്ത രണ്ട്-മൂന്ന് ദിവസങ്ങളിൽ രാജ്യത്തിന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയോടൊപ്പമുള്ള മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും ഇതിനെത്തുടർന്ന് ബ്രഹ്മപുത്രയിലും അതിന്റെ പോഷകനദികളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ഭൂട്ടാൻ റോയൽ ഗവൺമെന്റ് കാലാവസ്ഥാ ഉപദേശം പുറപ്പെടുവിച്ചതായി പ്രത്യേക പ്രസ്താവനയിൽ എഎസ്‌ഡിഎംഎ അറിയിച്ചു.
അസമിലെ നദീതീരങ്ങളിൽ താമസിക്കുന്ന എല്ലാ നിവാസികളോടും എമർജൻസി കിറ്റുകൾ തയ്യാറാക്കാനും വെള്ളം കയറുന്നത് ഒഴിവാക്കാനും എഎസ്ഡിഎംഎ നിർദ്ദേശിച്ചു. കൂടാതെ, ഈ ദിവസങ്ങളിൽ മത്സ്യബന്ധനം, വിറക് ശേഖരിക്കൽ, നീന്തൽ, അല്ലെങ്കിൽ നദികൾ അനാവശ്യമായി കടക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു.
56 പേർ അഭയം പ്രാപിച്ച കൊക്രജാറിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാല് ജില്ലകളിലായി 24 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. നിലവിൽ 523 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്, അസമിലുടനീളം 5,842.78 ഹെക്ടർ കൃഷി നശിച്ചതായി എഎസ്ഡിഎംഎ അറിയിച്ചു . ബാർപേട്ട, സോണിത്പൂർ, ബോംഗൈഗാവ്, ധുബ്രി, ദിബ്രുഗഡ്, ഗോലാഘട്ട്, കാംരൂപ്, മോറിഗാവ്, നാൽബാരി, ശിവസാഗർ, ഉദൽഗുരി എന്നിവിടങ്ങളിൽ വൻ മണ്ണൊലിപ്പുണ്ടായതായിയും റിപ്പോർട്ടിൽ പറയുന്നു. കച്ചാർ, ദിമ ഹസാവോ, കരിംഗഞ്ച് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.
പല ജില്ലകളിലും വെള്ളപ്പൊക്കത്തിൽ കായലുകൾ, റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും തകർന്നിട്ടുണ്ട്. ദരാംഗ്, ജോർഹട്ട്, കാംരൂപ് മെട്രോപൊളിറ്റൻ, കൊക്രജാർ, നാൽബാരി ജില്ലകളിൽ പലയിടത്തും നഗരപ്രദേശങ്ങൾ വെള്ളത്തിനടിയിലായതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, നിലവിൽ ഒരു നദിയും അപകടനിലയിൽ കവിഞ്ഞൊഴുകുന്നില്ല. അടുത്ത ദിവസങ്ങളിലും അസമിലെ പല ജില്ലകളിലും “വളരെ കനത്ത” മുതൽ “അതിശക്തമായ” മഴയ്ക്ക് വരെ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച പ്രവചിച്ചിരുന്നു.