ട്രക്ക് ഡ്രൈവർമാരുടെ കമ്പാർട്ടുമെന്റിൽ എയർ കണ്ടീഷനിംഗ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

0
80

ട്രക്ക് ഡ്രൈവർമാരുടെ കമ്പാർട്ടുമെന്റിൽ എയർ കണ്ടീഷനിംഗ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 2025 ഓടെ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. കടുത്ത ചൂടിൽ 11-12 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന ഡ്രൈവർമാർക്ക് മികച്ച തൊഴിൽ സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി.

വോൾവോ, സ്കാനിയ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ നിർമ്മിക്കുന്ന ഹൈ-എൻഡ് ട്രക്കുകൾ ഇതിനകം എയർ കണ്ടീഷൻഡ് ക്യാബിനുകളോടെയാണ് വരുന്നത്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും മിക്ക ഇന്ത്യൻ കമ്പനികളും ഇക്കാര്യത്തിൽ മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം 2025 ഓടെ ട്രക്ക് ഡ്രൈവർമാരുടെ കമ്പാർട്ടുമെന്റിൽ എയർ കണ്ടീഷനിംഗ് നിർബന്ധമാക്കുന്നത്.

ട്രക്ക് മേഖല പൂർണമായും എസി ക്യാബിനുകളിലേക്ക് നവീകരിക്കാൻ പതിനെട്ട് മാസമെടുക്കുമെന്നാണ് ഗതാഗത വകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് എസി ക്യാബിൻ നിർബന്ധമാക്കാൻ 2025 വരെ സമയം അനുവദിക്കാനുള്ള അന്തിമ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ഡ്രൈവർമാരുടെ കുറവുണ്ടെന്നും, ഇതിൻ്റെ ഫലമായി ട്രക്കറുകൾ ദിവസത്തിൽ 14-16 മണിക്കൂർ പ്രവർത്തിക്കുന്നുവെന്നും നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി.

ബുദ്ധിമുട്ടേറിയ തൊഴിൽ സാഹചര്യങ്ങളും അതിദീർഘമായ സമയം റോഡിൽ ചെലവഴിക്കേണ്ടി വരുന്നതും ഡ്രൈവർമാരുടെ ക്ഷീണത്തിനും അതുവഴി അപകടങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 43-47 ഡിഗ്രി ചൂടിൽ 12-14 മണിക്കൂർ തുടർച്ചയായി വാഹനം ഓടിക്കേണ്ടി വരുന്ന ഡ്രൈവർമാർക്കായി എസി ക്യാബിൻ നിർബന്ധമാക്കാൻ താൻ മന്ത്രിയായ സമയം മുതൽ ശ്രമിക്കുന്നുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേത്തു. 2016ലാണ് റോഡ് ഗതാഗത മന്ത്രാലയം ഈ നീക്കം ആദ്യമായി നിർദ്ദേശിച്ചത്. എന്നാൽ ട്രക്കുകളുടെ വില കൂടുമെന്ന് പറഞ്ഞ് ചിലർ എതിർത്തു. എന്തായാലും കടുത്ത വേനലിൽ ദിവസേന 12 മണിക്കൂറോളം ഡ്രൈവിംഗ് സീറ്റിൽ ചെലവഴിക്കുന്ന രാജ്യത്തെ ട്രക്ക് ഡ്രൈവർമാർക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ഈ നടപടി വലിയ ആശ്വാസമാകും.