അടവിയിലേക്ക് കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് പ്രത്യേക ടൂർ പാക്കേജ്

0
41

പത്തനംതിട്ട ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ അടവിയിലേക്ക് കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് പ്രത്യേക ടൂർ പാക്കേജ്. തണ്ണിത്തോട് അടവി ഇക്കോ ടൂറിസം കേന്ദ്രം- കോന്നി ആനക്കൂട്- കുംഭാവുരുട്ടി വെള്ളച്ചാട്ടം എന്നിവ ഉൾപ്പെടുന്നതാണ് ഈ പുതിയ ബജറ്റ് ടൂർ.

ആദ്യ യാത്ര ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ആറിന് കൊല്ലത്ത് നിന്നായിരുന്നു. അടുത്ത യാത്ര ജൂൺ 28നാണ്. 600 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. 9747969768, 9496110124 എന്നീ നമ്പരുകളിൽ വിളിച്ച് ബുക്ക് ചെയ്യാം. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നും അടവിയിലേക്ക് ടൂർ പാക്കേജ് ആരംഭിക്കുന്ന കാര്യം കെഎസ്ആർടിസിയുടെ പരിഗണനയിലുണ്ട്.

രാവിലെ ആറ് മണിക്ക് കൊല്ലത്തുനിന്ന് പുറപ്പെട്ട് എട്ടുമണിയോടെ തണ്ണിത്തോട് അടവി ഇക്കോ ടൂറിസം സെന്‍ററിലെത്തും. കഫേ വനശ്രീയിൽ പ്രഭാതഭക്ഷണം. അതിനുശേഷം കുട്ടവഞ്ചി സവാരിയും കോന്നി ആനക്കൂട് സന്ദർശനവും ഉണ്ടായിരുന്നു. ഇതിനുശേഷം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലെത്തി. ഇവിടെ യാത്രികർക്ക് കുളിക്കാനുള്ള അവസരം ഉണ്ടായിരിക്കും. അച്ചൻകോവിൽ ക്ഷേത്രദർശനവും നടത്തിയശേഷമായിരിക്കും മടക്കയാത്ര.

സംസ്ഥാനത്ത് ആദ്യമായി കുട്ടവഞ്ചി സവാരി ആരംഭിച്ച വിനോദസഞ്ചാരകേന്ദ്രമാണ് അടവി. അച്ചൻകോവിൽ ആറിന്‍റെ കൈവഴിയായ കല്ലാറിന്‍റെ തീരത്താണ് അടവി ഇക്കോ ടൂറിസം സെന്‍റർ. സംസ്ഥാനത്തെ അറിയപ്പെടുന്ന മഴക്കാല ടൂറിസം കേന്ദ്രം കൂടിയാണ് അടവി.