Thursday
1 January 2026
30.8 C
Kerala
HomeKeralaസംസ്ഥാനത്തെ കർഷകർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പി പ്രസാദ്

സംസ്ഥാനത്തെ കർഷകർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പി പ്രസാദ്

സംസ്ഥാനത്തെ കർഷകർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ ഓൺലൈൻ വിപണിയിലൂടെ വിൽ ക്കുന്നതിനായി കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഓൺലൈൻ ഇക്കോഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും വിഷരഹിതമായ പച്ചക്കറികൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് സംസ്ഥാനത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 10,000 കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചത്. നിലവിൽ 23,000 കൃഷിക്കൂട്ടങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച ഗ്രാമപഞ്ചായത്തുകളിലൊന്ന് കല്ലിയൂരാണെന്നും മന്ത്രി പറഞ്ഞു. കാർഷിക ഉത്പന്നങ്ങൾ ആകർഷകമായ രീതിയിൽ പാക്ക് ചെയ്യുന്നതിന് കല്ലിയൂരിലെ കർഷകർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗിന്റെ വിദഗ്ധ പരിശീലനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇക്കോഷോപ്പിൽ സംഭരിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാർഷിക ഉത്പന്നങ്ങളും കല്ലിയൂർ ഗ്രീൻസ് എന്ന പേരിൽ ബ്രാൻഡ് ചെയ്താണ് വിപണിയിലെത്തിക്കുന്നത്. പഞ്ചായത്തിൽ രൂപീകരിച്ചിട്ടുള്ള 176 കൃഷിക്കൂട്ടങ്ങൾക്ക് മികച്ച വിപണി ഒരുക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉത്പന്നങ്ങൾ വാങ്ങാനും ഇക്കോഷോപ്പിലൂടെ കഴിയും. തദ്ദേശീയമായി നിർമിക്കുന്ന മഞ്ഞൾപ്പൊടി, നാടൻ കുത്തരി, പച്ചരി, വയനാടൻ സ്‌റ്റൈലിൽ ഉത്പാദിപ്പിച്ച നെന്മേനി, ചിറ്റുണ്ടി, കെട്ടിനാട്ടി അരി, വിവിധ അരിയുത്പന്നങ്ങൾ, ചക്കയിൽ നിന്നുണ്ടാക്കിയ 10 മൂല്യവർദ്ധിത ഉത്പ്പനങ്ങൾ, വിവിധ തരം അച്ചാറുകൾ, ചമ്മന്തിപ്പൊടി, മുളപ്പിച്ച പച്ചക്കറികൾ തുടങ്ങിയ നാൽപ്പതോളം സാധനങ്ങളാണ് നിലവിൽ ലഭ്യമാക്കിയിട്ടുള്ളത്.

അവിയൽ, തോരൻ, സാമ്പാർ തുടങ്ങിയവയ്ക്ക് വേണ്ടി തയ്യാറാക്കിയ കട്ട് വെജിറ്റബിളുകൾക്കും ആവശ്യക്കാരേറെയാണ്. പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്പ് വഴിയോ ഇക്കോഷോപ്പിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തോ ഷോപ്പിംഗ് നടത്താം. ഇതിനുപുറമെ ഫോണിലൂടെയും വാട്സാപ്പിലൂടെയും ഓർഡറുകൾ നൽകാം. നഗരത്തിലെ 25 കിലോമീറ്റർ പരിധിയിൽ ഹോം ഡെലിവറി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഘട്ടമെന്ന നിലയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കൂടി ഹോം ഡെലിവറി സംവിധാനം വ്യാപിപ്പിക്കും.

കല്ലിയൂർ ഗ്രീൻസ് ലോഗോയുടെ പ്രകാശനവും കൃഷിക്കൂട്ടങ്ങൾക്കൊരു കൈത്താങ്ങ് സംയുക്ത പദ്ധതി, കൃഷിക്കൂട്ടങ്ങൾക്ക് നെയിംബോർഡ് സ്ഥാപിക്കൽ, പ്രകൃതി സൗഹൃദ കൃഷിയിട പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പരിപാടിയോടനുബന്ധിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രദർശനവും മികച്ച പ്രകടനം കാഴ്ചവച്ച കർഷക കൂട്ടങ്ങൾ, മുതിർന്ന കർഷകർ എന്നിവരെ ആദരിക്കൽ ചടങ്ങും നടന്നു.

RELATED ARTICLES

Most Popular

Recent Comments