പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ തലവച്ചപാറ, കുഞ്ചിപ്പാറ കോളനികളിൽ വൈദ്യുതി എത്തി

0
193

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ, കുഞ്ചിപ്പാറ പട്ടികവര്‍ഗ കോളനികളിൽ വൈദ്യുതി എത്തി. രണ്ട് കുടികളിൽ നടന്ന വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. കുട്ടമ്പുഴയുടെ വിദൂര പ്രദേശങ്ങളായ ആദിവാസി കോളനികളിൽ വൈദ്യുതി എത്തിക്കാനായത് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് എം.എൽ.എ പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് (2019 ൽ ) 4.75 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. 14.5 കിലോമീറ്റർ 11 കെ.വി ഭൂഗർഭകേബിൾ സ്ഥാപിക്കൽ,1.15 കിലോമീറ്റർ 11 കെ.വി ഓവർ ഹെഡ് ലൈൻ, രണ്ട് 100 കെ.വി.എ ട്രാൻസ്ഫോർമറുകൾ,7 കിലോമീറ്റർ എ.ബി.സി കേബിൾ ലൈൻ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായിനടപ്പിലാക്കിയത്.

ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ ഗോപി, പഞ്ചായത്ത്‌ മെമ്പർമാരായ ഗോപി ബദറൻ, കെ.എ സിബി, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അനിൽ ഭാസ്കർ, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സാജു ജോൺ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി. രാജീവ്‌, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ.കെ ഗോപി, അസിസ്റ്റന്റ് എഞ്ചിനീയർ എൻ. എസ് പ്രസാദ്, സബ് എഞ്ചിനീയർമാരായ റ്റി. ജെ ഷൈബു, സിബി പോൾ, ഓവർസീയർമാരായ എം.ഗോപകുമാർ, ബിനു തങ്കൻ, ഊര് മൂപ്പൻ പൊന്നപ്പൻ ചന്ദ്രൻ , കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ എന്നിവർ പങ്കെടുത്തു.