ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് തടസ്സപ്പെട്ടു കിടക്കുന്ന എല്ലാ നിയമനങ്ങളും അതാത് ആർ ഡി ഡി, എ ഡി,വിദ്യാഭ്യാസ ഓഫീസർ എന്നിവർ ചട്ടപ്രകാരം പരിശോധിച്ചു ജൂലൈ 15ന് മുമ്പ് തന്നെ നടപടി എടുക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. ഈ നടപടിയുടെ സമഗ്രമായ റിപ്പോർട്ട് ഉദ്യോഗസ്ഥർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.
മാനേജർമാർ റോസ്റ്റർ തയ്യാറാക്കി സമർപ്പിക്കുകയും ആയത് വിദ്യാഭ്യാസ ഓഫീസർമാർ അംഗീകരിച്ച് നൽകുകയും ചെയ്യുന്നതുവരെ ഇന്റർ മാനേജ്മെന്റ് ട്രാൻസ്ഫർ അനുവദിക്കാൻ പാടില്ല. ഇപ്രകാരമുള്ള ട്രാൻസ്ഫറുകൾ നടക്കുന്നില്ലായെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉദ്യോഗസ്ഥർ കർശനമായി ഉറപ്പുവരുത്തണം.
ഇതുവരെയും റോസ്റ്റർ രജിസ്റ്റർ തയ്യാറാക്കി സമർപ്പിക്കാത്ത മാനേജ്മെന്റുകൾ ജൂൺ 25 തന്നെ തയ്യാറാക്കി സമർപ്പിക്കേണ്ടതും ജൂൺ 30ന് തന്നെ ബാക്ക്ലോഗ് പ്രകാരം ഭിന്നശേഷി സംവരണത്തിനായി മാറ്റി വെച്ചിട്ടുള്ള ഒഴിവിലേക്ക് ഭിന്നശേഷി ഉദ്യോഗാർത്ഥികളെ ലഭിക്കുന്നതിനായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് റിക്വിസിഷൻ ഫോറം സമർപ്പിക്കേണ്ടതാണ്. ഇപ്രകാരം റിക്വിസിഷൻ സമർപ്പിക്കുമ്പോൾ ആയതിൽ ബാക്ക്ലോഗ് ഒഴിവ് മൂന്ന് ശതമാനത്തിൽ നിന്നാണോ നാല് ശതമാനത്തിൽ നിന്നാണോ എന്ന് മാനേജർമാർ വ്യക്തമാക്കണം.
റിക്വിസിഷൻ ഫോറം എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകൾക്ക് ലഭ്യമായി കഴിഞ്ഞാൽ ജൂലൈ 20 നകം തന്നെ ഭിന്നശേഷി വിഭാഗക്കാരുടെ നിയമനുസൃത ലിസ്റ്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ബന്ധപ്പെട്ട മാനേജർമാർക്ക് കൈമാറും.
ഭിന്നശേഷി വിഭാഗക്കാർ സമർപ്പിക്കേണ്ട ജോബ് ഓറിയന്റഡ് ഫിസിക്കൽ ആൻഡ് ഫങ്ഷനാലിറ്റി സർട്ടിഫിക്കറ്റ് ഇന്റർവ്യൂ നടക്കുന്ന സമയത്ത് ഹാജരാക്കിയാൽ മതിയാകും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ലഭിക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 15 നകം തന്നെ ബന്ധപ്പെട്ട ഒഴിവുകളിൽ ഭിന്നശേഷി വിഭാഗക്കാരെ മാനേജർമാർ നിയമിക്കേണ്ടതും പ്രസ്തുത കാര്യം വിദ്യാഭ്യാസ വകുപ്പിനെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും അറിയിക്കേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്നു.