നൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദ സഞ്ചാരികളുമായി പോയ അന്തര്‍വാഹിനി കാണാതായി. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വെച്ചാണ് അന്തര്‍വാഹിനി കാണാതായത്.
അഞ്ച് പേരാണ് അന്തര്‍വാഹിനിയില്‍ ഉള്ളത്. ബ്രിട്ടീഷ് ശതകോടീശ്വരനും സഞ്ചാരിയുമായ ഹാമിഷ് ഹാര്‍ഡിംഗും ഈ സംഘത്തിലുണ്ട്. അന്തര്‍വാഹിനിയിലെ ഓക്‌സിജന്‍ ഏകദേശം 70 മണിക്കൂര്‍ കൂടി നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓഷ്യന്‍ ഗേറ്റിന്റെ അന്തര്‍വാഹിനിയിലാണ് കാണാതായത്.
ന്യൂഫൗണ്ട്‌ലാന്റ് മേഖലയില്‍ വെച്ചാണ് അന്തര്‍വാഹിനി കാണാതായത്. ഈ പ്രദേശത്ത് യുഎസ്,കാനഡ, തീരസംരക്ഷണ സേനകളുടെയും നാവിക സേനയുടെയും നേതൃത്വത്തില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്.
അന്തര്‍വാഹിനിയിലെ ഓക്‌സിജന്‍ നില 70 മുതല്‍ 96 മണിക്കൂര്‍ വരെ നിലനില്‍ക്കുമെന്നാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ ജോണ്‍ മോഗര്‍ പറഞ്ഞത്. തീരത്ത് നിന്ന് പുറപ്പെട്ട് ഒരു മണിക്കൂര്‍ 45 മിനിറ്റിന് ശേഷമാണ് അന്തര്‍വാഹിനിയുമായുള്ള സിഗ്നല്‍ നഷ്ടപ്പെട്ടതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ഏകദേശം നാല് ദിവസത്തേക്കുള്ള ഓക്‌സിജന്‍ അന്തര്‍വാഹിനിയ്ക്കുള്ളിലുണ്ടെന്നാണ് ഓഷ്യന്‍ ഗേറ്റ് കമ്പനി വക്താവ് ഡേവിഡ് കോന്‍കാനോണ്‍ പറയുന്നത്.
പുരാവസ്തു ഗവേഷകര്‍, ബയോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെട്ട യാത്രയാണ് ഓഷ്യന്‍ഗേറ്റ് സംഘടിപ്പിക്കുന്നത്. ഇവരല്ലാതെ യാത്രയ്ക്കായി പണം നല്‍കുന്ന മറ്റ് സഞ്ചാരികളെയും ഈ സമുദ്രയാത്രയ്ക്കായി കമ്പനി കൊണ്ടുപോകാറുണ്ട്.
അന്തര്‍വാഹിനിയിലെ മിഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍ സോണാര്‍ ഉപകരണങ്ങള്‍ മാറിമാറി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. അതേസമയം കാണാതായ അന്തര്‍വാഹിനിയില്‍ ഒരു പൈലറ്റും നാല് മിഷന്‍ സ്‌പെഷ്യലിസ്റ്റുകളുമാണ് ഉണ്ടായിരുന്നത് എന്നാണ് കോസ്റ്റ്ഗാര്‍ഡ് സേന അറിയിച്ചത്.
ബ്രിട്ടീഷ് ബിസിനസുകാരനായ ഹാമിഷ് ഹാര്‍ഡിംഗും യാത്രയില്‍ പങ്കെടുത്തിരുന്നു. മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളുള്ള സാഹസിക സഞ്ചാരി കൂടിയാണ് ഹാമിഷ്. 2021 മാര്‍ച്ചില്‍ ഹാമിഷും സമുദ്രപര്യവേക്ഷകനായ വിക്ടര്‍ വെസ്‌കോവോയും മരിയാന ട്രഞ്ചിന്റെ ഏറ്റവും താഴ്ന്ന തലത്തിലേക്ക് മുങ്ങി യാത്ര ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു.
ഓഷ്യന്‍ ഗേറ്റിന്റെ മൂന്നാമത്തെ പര്യവേക്ഷണ യാത്രയാണിത്. 1912ല്‍ അറ്റ്‌ലാന്റിക്കില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ സഞ്ചാരികളെ എത്തിക്കുന്ന പര്യവേക്ഷണമാണിത്.
1985ലാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ലോഹം ഭക്ഷിക്കുന്ന ബാക്ടീരിയകള്‍ ഈ മേഖലയില്‍ സജീവമാണ്. അതുകൊണ്ട് തന്നെ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കപ്പല്‍ അപ്രത്യക്ഷമാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
2021ലാണ് പര്യവേക്ഷക സംഘം ടൈറ്റാനിക് കാണാനെത്തിയത്. ടൈറ്റന്‍ എന്നായിരുന്നു ഈ യാത്രയുടെ പേര്. 100,000 ഡോളര്‍ മുതല്‍ 150, 000 ഡോളര്‍ വരെയായിരുന്നു യാത്രയ്ക്കായി സഞ്ചാരികള്‍ നല്‍കിയത്. 4000 മീറ്റര്‍ അഥവാ 13,120 അടിവരെ സുരക്ഷിതമായി പോകാനുള്ള കഴിവ് അന്തര്‍വാഹിനിയ്ക്കുണ്ടെന്ന് ഓഷ്യന്‍ ഗേറ്റ് കമ്പനി പറഞ്ഞിരുന്നു.
ടൈറ്റാനിയം, ഫിലമെന്റ് വുന്‍ഡ് കാര്‍ബണ്‍ ഫൈബര്‍ എന്നിവ കൊണ്ടാണ് ടൈറ്റന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആഴക്കടലിലെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഇവയ്ക്ക് കഴിവുണ്ടെന്നും കമ്പനി അധികൃതര്‍ പറയുന്നു.