കന്നാസിൽ പെട്രോളുമായി തൃശൂരിൽ ഫെഡറൽ ബാങ്കിന് തീയിടാൻ യുവാവിന്റെ ശ്രമം

0
82

കന്നാസിൽ പെട്രോളുമായി ബാങ്കിന് തീയിടാൻ യുവാവിന്റെ ശ്രമം. തൃശൂരിൽ ഫെഡറൽ ബാങ്കിന്റെ അത്താണി ശാഖയിൽ ഇന്ന് ജൂൺ 17 ശനിയാഴ്ച വൈകിട്ട് 4.30നോടെയാണ് സംഭവം നടക്കുന്നത്. വടക്കാഞ്ചേരി പുതുരുത്തി സ്വദേശി ചിരിയങ്കണ്ടത്ത് വീട്ടിൽ 36 വയസ്സുള്ള ലിജോയാണ് പരാക്രമം നടത്തിയത്. കന്നാസിലെ പെട്രോൾ ബാങ്ക് അസിസ്റ്റന്റ് മാനേജരുടെ ദേഹത്തേക്ക് ഒഴിക്കിക്കുകയായിരുന്നു. യുവാവിന് മാനസിക ആസ്വാസ്ഥ്യമുള്ളതായി സംശയമെന്ന് പോലീസ് അറിയിച്ചു.

ഒരു സഞ്ചിക്കുള്ളിൽ കന്നാസ് ഒളിപ്പിച്ചാണ് ഇയാൾ ബാങ്കിന്റെ ഉള്ളിലേക്ക് പ്രവേശിച്ചത്. അസിസ്റ്റന്റ് മാനേജരുടെ ദേഹത്ത് പെട്രോൾ ഒഴിച്ചതിന് ശേഷം താൻ എല്ലാവരെയും കത്തിക്കും ബാങ്ക് കൊള്ളയടിക്കാൻ പോകുകയാണെന്ന് ആക്രോശിക്കുകയും ചെയ്തതായി ബാങ്ക് ജീവനക്കാർ പറഞ്ഞു. തുടർന്ന് ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരെത്തി ഇയാളെ കീഴ്പെടുത്താൻ ശ്രമിച്ചപ്പോൾ യുവാവ് ഇറങ്ങി ഓടി.

പിന്തുടർന്ന നാട്ടുകാർ കുറ്റിയങ്കാവ് ജംഗ്ഷനു സമീപത്ത് വച്ച് യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വടക്കാഞ്ചേരി പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. അതേസമയം യുവാവിന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം തൃശൂർ പൂത്തോളിലെ കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റിൽ മദ്യം വാങ്ങിക്കാൻ എത്തിയവരുടെ അക്രമം. തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാലംഗ സംഘം അറസ്റ്റിൽ. പൊന്നാനി സ്വദേശി റഫീഖ്, കോഴിക്കോട് സ്വദേശികളായ നിസ്സാർ, ജയിസൻ, പാലക്കാട് സ്വദേശി അബ്ദുൾ നിയാസ് എന്നിവരാണ് തൃശൂർ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ(ജൂൺ 16) ആണ് സംഭവം. മദ്യശാല അടച്ചതിനു ശേഷം മദ്യം ചോദിച്ചെത്തിയവരാണ് ഭീഷണി മുഴക്കിയത്.വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ആക്രമണം ഉണ്ടാകുന്നത്. പൂത്തോളിലെ കൺസ്യൂമർഫെഡിന്റെ ഔട്ട് ലെറ്റിലായിരുന്നു ഭീഷണി.

നാല് യുവാക്കള്‍ മദ്യം വാങ്ങാൻ എത്തിയത് ഔട്ട്ലെറ്റ് അടച്ച ശേഷമാണ്. ഈ നേരത്ത് കട പകുതി ഷട്ടറിട്ട് ജീവനക്കാര്‍ കണക്ക് നോക്കുകയായിരുന്നു. യുവാക്കള്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കാൻ തയ്യാറായില്ല. കട അടച്ചെന്ന് അറിയിച്ചു. ഇതോടെയാണ് എയർഗൺ പുറത്തെടുത്ത് ഇവർ മദ്യശാല ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ യുവാക്കള്‍ സ്ഥലം വിട്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള ബാറില്‍ നിന്ന് നാലംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.