നഗര ദാരിദ്ര്യ നിർമാർജനം: ദ്വിദിന ദേശീയ ശിൽപശാലയ്കു 23ന് തുടക്കം

0
124

‘നഗര ദാരിദ്ര്യ നിർമാർജനത്തിന് നൂതന സമീപനങ്ങൾ’ എന്ന വിഷയത്തിൽ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി ജൂൺ 23, 24 തീയതികളിൽ എറണാകുളം, അങ്കമാലി ആഡ്‌ലക്‌സ് കൺവൻഷൻ സെന്ററിൽ ദേശീയ ശിൽപശാല സംഘടിപ്പിക്കുന്നു. ജൂൺ 23ന് രാവിലെ 11ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഒന്നാം ഘട്ടം അവസാനിക്കുന്നതിനെ തുടർന്ന് രണ്ടാം ഘട്ടത്തിനുള്ള മാർഗനിർദേശങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. കേരളം ഉൾപ്പെടെ എൻ.യു.എൽ.എം. പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ മികച്ച മാതൃകകൾ പരസ്പരം അറിയുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള മികച്ച വേദിയായി ശിൽപശാലയെ മാറ്റുക എന്നതാണ് ലക്ഷ്യം. ഓരോ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും നഗരമേഖലയിൽ ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഫീൽഡ്തല യാഥാർത്ഥ്യങ്ങൾ, സങ്കീർണതകൾ, വെല്ലുവിളികൾ എന്നിവയും പരസ്പരം മനസിലാക്കാൻ ശിലപശാലയിലൂടെ അവസരമൊരുക്കും.

കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ദീൻ ദയാൽ അന്ത്യോദയ-ദേശീയ നഗര ഉപജീവന ദൗത്യം, പി.എം സ്വാനിധി ജോയിന്റ് സെക്രട്ടറിയും മിഷൻ ഡയറക്ടറുമായ രാഹുൽ കപൂർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, എൻ.യു.എൽ.എം പദ്ധതി ഡയറക്ടർമാരായ ശാലിനി പാണ്ഡെ, ഡോ മധുറാണി തിയോത്തിയ തുടങ്ങിയവർ പങ്കെടുക്കും. ദേശീയ നഗര ഉപജീവന ദൗത്യം-പദ്ധതി ദേശീയതലത്തിൽ മികച്ച രീതിയിൽ നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്കുള്ള പുരസ്‌കാര വിതരണം, ”നഗരമേഖലയിലെ സൂക്ഷ്മസംരംഭങ്ങൾ-50 പഠനങ്ങൾ’ പുസ്തക പ്രകാശനം, പദ്ധതി സംബന്ധിച്ച ഹ്രസ്വചിത്രത്തിന്റെ സ്‌ക്രീനിങ്ങ് എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും. പദ്ധതിയുടെ ഭാഗമായി അഞ്ച് വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയുടെ അവതരണവും ശിൽപശാലയിൽ ഉണ്ടായിരിക്കും.

ശിൽപശാലയിൽ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, എൻ.യു.എൽ.എം പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങളിലെ മിഷൻ ഡയറക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.