മലക്കപ്പാറ ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്

0
132

മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. ഊര് നിവാസി ശിവൻ അയ്യാവ് എന്ന അമ്പതുകാരനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.

വീടിനു സമീപത്തു വച്ച് രാവിലെ ആറരയോടെയാണ് ശിവനെ കാട്ടാന ആക്രമിച്ചത്. ശിവൻറെ കരച്ചിൽ കേട്ട് വീട്ടുകാരും സമീപത്തുള്ളവും ഓടിയെത്തിയ സമയത്ത് പരിക്കേറ്റ നിലയിൽൽ കിടക്കുകയായിരുന്നു. ഉടൻ മലക്കപ്പാറ പോലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ സഹായത്തോടെ ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

പരുക്ക് ഗുരുതരമായതിനെ തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. രണ്ടു മണിക്കൂറിലേറെ സമയം എടുത്താണ് മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലെ ആശുപത്രിയിലേക്ക് എത്തിക്കാൻ കഴിഞ്ഞത്. കാടിനുള്ളിൽ അന്തർ സംസ്ഥാന പാതയിൽ നിന്നും 2 കിലോമീറ്റർ കാടിനകത്തേക്ക് മാറിയാണ് അടിച്ചിൽ തൊട്ടി കോളനി സ്ഥിതി ചെയ്യുന്നത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ പതിവായുള്ള മേഖലകളിൽ ഒന്നാണ് ഈ പ്രദേശം.