എട്ട് വയസുകാരി നൽകിയ തെറ്റായ പരാതിയിൽ ബെംഗളൂരുവിൽ ഫുഡ് ഡെലിവറി ഏജന്റിന് മർദ്ദനം

0
160

എട്ട് വയസുകാരി നൽകിയ തെറ്റായ പരാതിയിൽ ബെംഗളൂരുവിൽ ഫുഡ് ഡെലിവറി ഏജന്റിന് മർദ്ദനം. തന്നെ ഫുഡ് ഡെലിവറി ഏജന്റ് നിർബന്ധിച്ച് ടെറസിൽ കൊണ്ടുപോയെന്ന കുട്ടിയുടെ പരാതിയിലാണ് ആളുകൾ 30 കാരനായ ഫുഡ് ഡെലിവറി ഏജന്റിനെ മർദിച്ചത്. നീലാദ്രി റോഡിലെ അപ്പാർട്ട്‌മെന്റിന് സമീപമുള്ള പേയിംഗ് ഗസ്റ്റ് താമസസ്ഥലത്തിന് പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ നിന്ന് പോലീസ് ദൃശ്യങ്ങൾ ശേഖരിക്കുകയും പെൺകുട്ടി ഒറ്റയ്ക്ക് ടെറസിലേക്ക് പോയി അവിടെ കളിക്കുന്നത് കണ്ടെത്തുകയും ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.

“തനിക്ക് ഇപ്പോഴും തോളിൽ വേദനയുണ്ടെന്നും ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന എല്ലാവരും സെക്യൂരിറ്റി ഗാർഡുകളോടൊപ്പം ചേർന്ന് എന്നെ മർദിച്ചെന്നും ഏജന്റ് പൊലീസിനോട് പറഞ്ഞു. എന്തുകൊണ്ടാണ് കുട്ടി നുണ പറഞ്ഞതെന്ന് അറിയില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു: “ഞാൻ ഇപ്പോൾ സിക്ക് ലീവിലാണ്. കൃത്യമായ അന്വേഷണം നടത്തിയതിന് ബെംഗളൂരു സിറ്റി പോലീസിന് ഞാൻ നന്ദി പറയുന്നു. സിസിടിവി ദൃശ്യങ്ങളാണ് എന്നെ രക്ഷിച്ചത്. അതുകൊണ്ട് തന്നെ സിസിടിവി ക്യാമറ ഇല്ലായിരുന്നെങ്കിലോ എന്നത് എന്നെ ഏറെ ആശങ്കപ്പെടുത്തുന്നു?”

ജൂൺ 12 ന് രാവിലെയാണ് സംഭവം നടക്കുന്നത്. അഞ്ച് വയസ്സുള്ള മകനെ സ്‌കൂളിൽ വിട്ട് 9.40 ഓടെ തിരിച്ച് വീട്ടിലെത്തിയ ദമ്പതികൾ ഏഴാം നിലയിലെ തങ്ങളുടെ ഫ്ലാറ്റിൽ നിന്ന് മകളെ കാണാതായത് അറിയുന്നത്. പ്രധാന വാതിൽ പുറത്ത് നിന്ന് പൂട്ടിയതിനാൽ മാതാപിതാക്കൾ ആകെ പരിഭ്രാന്തരായി. ദമ്പതികൾ മകളെ തിരയാൻ തുടങ്ങിയതോടെ അയൽക്കാരും ഇവർക്കൊപ്പം ചേർന്നു. ഏകദേശം 30 മിനിറ്റിനുശേഷം അയൽവാസികളിൽ ഒരാൾ പെൺകുട്ടിയെ ടെറസിൽ നിന്ന് കണ്ടെത്തി.

എന്തിനാണ് ടെറസിൽ കയറിയതെന്ന് മാതാപിതാക്കൾ ചോദിച്ചപ്പോൾ “ഒരു ഫുഡ് ഡെലിവറി ഏജന്റ് ഡോർബെൽ അടിച്ചു. ഞാൻ വാതിൽ തുറന്നപ്പോൾ അവൻ എന്നെ ടെറസിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. കൈ കടിച്ചാണ് ഞാൻ രക്ഷപെട്ടത് എന്നാണ് കുട്ടി പറഞ്ഞത്. താമസിയാതെ, പ്രധാന കവാടത്തിലെ സെക്യൂരിറ്റി ഗാർഡുകളെ വിവരം അറിയിക്കുകയും ഡെലിവറി ഏജന്റുമാരിൽ ആരെയും പുറത്തുകടക്കാൻ അനുവദിക്കരുതെന്ന് പറയുകയും ചെയ്തു. തന്നെ ബലമായി ടെറസിലേക്ക് കൊണ്ടുപോയ ഡെലിവറി ഏജന്റിനെ പെൺകുട്ടി തിരിച്ചറിഞ്ഞതോടെ പ്രകോപിതരായ ദമ്പതികളും മറ്റ് താമസക്കാരും ചേർന്ന് ഇയാളെ മർദിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള മുറിയിൽ പൂട്ടിയിട്ടതായും പോലീസ് പറയുന്നു. അതേസമയം, അതേ അപ്പാർട്ട്‌മെന്റിൽ സാധനങ്ങൾ എത്തിക്കാൻ എത്തിയ മറ്റ് രണ്ട് ഡെലിവറി ഏജന്റുമാർ സംഭവമറിഞ്ഞ് പ്രധാന ഗേറ്റിന് സമീപം പ്രതിഷേധിച്ചു.

ഏതാനും മിനിറ്റുകൾക്ക് ശേഷം ഹൊയ്‌സാല പട്രോളിംഗ് സംഘം സംഭവസ്ഥലത്തെത്തി. പിറ്റേന്ന് പോലീസ് അപ്പാർട്ട്‌മെന്റിലെത്തി ഏഴാം നിലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. പക്ഷെ ടെറസിലേക്കുള്ള പടികളുടെ അവിടെ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടില്ലായിരുന്നു. പിന്നീട് അപ്പാർട്ട്‌മെന്റിന് അടുത്തുള്ള വനിതാ പിജിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ പോലീസ് കണ്ടെത്തി. അതിൽ ടെറസ് പടികളും തൊട്ടടുത്തുള്ള അപ്പാർട്ട്‌മെന്റിന്റെ ടെറസിലേ ദൃശ്യങ്ങളും കാണാമായിരുന്നു. ദൃശ്യങ്ങളിൽ പെൺകുട്ടി ഒറ്റയ്ക്ക് ടെറസിലേക്ക് നടന്നുകേറുന്നതും കുറച്ച് നേരം കളിക്കുന്നതും കാണാം. ദൃശ്യങ്ങൾ കണ്ട് ഞങ്ങളും മാതാപിതാക്കളും ഒരുപോലെ ഞെട്ടി. അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിൽ പെൺകുട്ടി കള്ളം പറഞ്ഞതനാണെന്ന് സമ്മതിക്കുകയും ചെയ്തു.

“ക്ലാസ് സമയത്ത് കളിച്ചതിന് മാതാപിതാക്കൾ തല്ലുമെന്ന് ഭയന്നാണ് ഇങ്ങനെ പറഞ്ഞത് എന്ന് കുട്ടി പോലീസിനോട് പറഞ്ഞു. രക്ഷിതാക്കൾ ഡെലിവറി ഏജന്റിനോട് ക്ഷമ ചോദിച്ചു. എതിർപരാതി നൽകാൻ പോലീസ് പറഞ്ഞപ്പോൾ “ഉടൻ, ഞാൻ എന്റെ ഭാര്യയോടും മകളോടും ഒപ്പം സ്വദേശമായ അസമിലേക്ക് താമസം മാറും. ഇവിടെ ഒരു പരാതി ഫയൽ ചെയ്താൽ നിയമ നടപടികൾക്കായി ഇവിടെ സന്ദർശിക്കേണ്ടി വരും. കോടതി വിചാരണ, എനിക്ക് താങ്ങാൻ കഴിയില്ല. എന്നാണ് അദ്ദേഹം പറഞ്ഞത്.