തലശ്ശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

0
106

കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പാലയാട് സ്വദേശി മഹേഷാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ ചികിത്സയ്ക്കെത്തിയ മഹേഷ് മദ്യലഹരിയില്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് വനിതാ ഡോക്ടർ അമൃതയുടെ പരാതി.

അപകടത്തിൽ പരിക്കേറ്റ മഹേഷ് ഇന്ന് പുലര്‍ച്ചെയാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു. പരിശോധനയിൽ മുറിവ് ഗുരുതരമല്ലെന്ന് കണ്ടെത്തി. നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടു നോക്കിയപ്പോള്‍ കൈവീശി അടിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ ആരോപിച്ചു.

ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. മർദ്ദനത്തിന് ശേഷം മോശമായ ഭാഷയില്‍ സംസാരിച്ചു. പൊലീസിനെ വിളിക്കാമെന്ന് പറഞ്ഞപ്പോൾ ആരെവേണമെങ്കിലും വിളിച്ചോളൂ എന്നും പറഞ്ഞതായി ഡോക്ടര്‍ കൂട്ടിച്ചേർത്തു