പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് നാലുമാസം മാത്രമായ ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയിലെ സോഹ്ന-ദൗസ സ്ട്രെച്ചിലെ പാലത്തിന് തകരാര്‍. ഗുരുഗ്രാമിന് 100 കിലോമീറ്റര്‍ അകലെയുള്ള നുഹ് വില്ലേജിലെ മഹുനില്‍ നിര്‍മിച്ച പാലത്തിന്റെ കോണ്‍ക്രീറ്റാണ് അടര്‍ന്നു വീണത്.
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) അധികൃതര്‍ വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ പാലത്തില്‍ വിള്ളലും കണ്ടെത്തി. 21 അടി നീളമുള്ള പാലത്തിന്റെ ചെറിയ ഭാഗത്ത് മാത്രമാണ് പ്രശ്നമുള്ളതെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും എൻഎച്ച്‌എഐ അധികൃതര്‍ പറഞ്ഞു.
12,150 കോടി ചെലവില്‍ നിര്‍മിച്ച 246 കിലോമീറ്റര്‍ സോഹ്ന-ദൗസ സ്ട്രെച്ച് ഫെബ്രുവരി 12നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 1386 കിലോ മീറ്റര്‍ നീളത്തില്‍ രാജ്യത്തെ ഏറ്റവും വലിയ എക്സ്പ്രസ് വേയാണ് ഡല്‍ഹി മുംബൈ അതിവേഗ പാത. ഡല്‍ഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി ആറ് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.