40 ദിവസത്തോളം ആമസോൺ കാട്ടിൽ കാണാതായ 4 കുട്ടികളെ ജീവനോടെ കണ്ടെത്തി

0
126

വിമാനാപകടത്തിൽപ്പെട്ട് ആമസോൺ കാട്ടിൽ അകപ്പെട്ട് പോയ നാല് കുട്ടികളും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ച് കൊളംബിയൻ പ്രസിഡന്റ്. കഴിഞ്ഞ 40 ദിവസമായി കുട്ടികൾക്കായുള്ള തിരച്ചിലിലായിരുന്നു ദുരന്തനിവാരണ സംഘം.

പതിമൂന്നുകാരനായ ലെസ്ലി ജേക്കമ്പയർ ഒമ്പതുവയസുള്ള സൊലെയ്‌നി, നാല് വയസുകാരനായ ടെയ്ൻ ഒപ്പം കൈക്കുഞ്ഞായ ക്രിസ്റ്റിനും മെയ് 1നാണ് വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ആമസോൺ വനത്തിൽ അകപ്പെട്ടത്. ഇവരുടെ അമ്മ മഗ്ദലേനയും വിമാനം പറത്തിയിരുന്ന പൈലറ്റ് ഹെർനാൻഡോയും ഒരു പ്രാദേശിക നേതാവും അപകടത്തിൽ മരിച്ചു.

കുട്ടികൾ ജീനോടെയുണ്ടെന്ന് തെളിയിക്കുന്ന അഴുക്ക് പിടിച്ച ഡയപ്പർ, കാൽപ്പാടുകൾ, വെള്ളം കുപ്പി എന്നിവ അന്വേഷണ സംഘത്തിന് കണ്ടുകിട്ടി. ഇതിന് പിന്നാലെ ലോകം മുഴുവൻ കുട്ടികൾക്കായുള്ള പ്രാർത്ഥനയിലും കാത്തിരിപ്പിലുമായിരുന്നു. മൂത്ത മകൻ ലെസ്ലിക്ക് കാട്ടിൽ സഞ്ചരിച്ച് ചെറിയ പരിചയമുള്ളതായിരുന്നു ഏക ആശ്വാസം. കൊളംബയിയൻ സൈന്യത്തിന്റെ നേതൃത്വത്തിൽ നൂറിലേറെ കൊളംബിയൻ സ്‌പെഷ്യൽ ഫോഴ്‌സും 70 പ്രാദേശിക സേനയും ഉൾപ്പെട്ട സംഘമാണ് കുട്ടികൾക്കായുള്ള തെരച്ചിൽ നടത്തിയത്.

കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യം പരിശോധിക്കേണ്ടതുണ്ടെന്ന് വിദഗ്ധ സംഘം അറിയിച്ചു. ഉടൻ തന്നെ പ്രസിഡന്റ് കുട്ടികളെ സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.