ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയുള്ള 17 വയസുകാരിയുടെ ഹര്‍ജി പരിഗണിക്കവേ മനുസ്മൃതി വായിക്കാന്‍ ഉപദേശിച്ച് ഗുജറാത്ത് ഹൈക്കോടതി. പെണ്‍കുട്ടികള്‍ 14-15 വയസിനുള്ളില്‍ വിവാഹം കഴിക്കുന്നതും 17 വയസില്‍ പ്രസവിക്കുന്നതും സ്വാഭാവികമാണെന്നാണ് ഗുജറാത്ത് ഹൈക്കോടതിയുടെ പരാമര്‍ശം. 17 വയസില്‍ ഗര്‍ഭിണിയാകുന്നത് പണ്ടൊക്കെ വളരെ സ്വാഭാവികമായ കാര്യമായിരുന്നെന്നും മനുസ്മൃതി വായിച്ചിട്ടില്ലെങ്കില്‍ വായിക്കണമെന്നും കോടതി ഉപദേശിക്കുകയായിരുന്നു.
ബലാത്സംഗത്തിന് ഇരയായി ഏഴ് മാസം ഗര്‍ഭം ധരിച്ച 17 വയസുകാരിയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ആഗസ്റ്റ് 18ന് പ്രസവത്തിനുള്ള തിയതിയാണെന്നതിനാല്‍ ഇക്കാര്യത്തില്‍ വളരെ വേഗം തീര്‍പ്പുണ്ടാക്കണമെന്ന് പെണ്‍കുട്ടിയ്ക്ക് വേണ്ടി ഹാജരായ സികണ്ടര്‍ സെയ്ദ് കോടതിയോട് അപേക്ഷിച്ചു.
ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് 17 വയസില്‍ ഗര്‍ഭം ധരിക്കുന്നത് സ്വാഭാവികമാണെന്ന് ജസ്റ്റിസ് സമിര്‍ ജെ ദാവേ നിരീക്ഷിച്ചത്. ആണ്‍കുട്ടികള്‍ക്ക് മുമ്പ് പെണ്‍കുട്ടികള്‍ പക്വത കൈവരിക്കുമെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിയെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ് കൊട്ട് മെഡിക്കല്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി. പെണ്‍കുട്ടിക്കും ഗര്‍ഭസ്ഥ ശിശുവിനും പൂര്‍ണ്ണആരോഗ്യമുണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.