Wednesday
31 December 2025
22.8 C
Kerala
HomeKeralaഇലക്ഷൻ വെയർ ഹൗസ് ഇനി കുടപ്പനകുന്നിൽ

ഇലക്ഷൻ വെയർ ഹൗസ് ഇനി കുടപ്പനകുന്നിൽ

തിരുവനന്തപുരം ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്നതിനായി കുടപ്പനകുന്ന് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പുതിയ വെയർഹൗസ് സജ്ജമായി. വെയർഹൗസിന്റെ ഉദ്ഘാടനം കേരളത്തിന്റെ ചുമതലയുള്ള ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ ഓൺലൈനായി നിർവഹിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വെയർ ഹൗസുകൾ നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് മുഖ്യസാന്നിധ്യം വഹിച്ചു.

സിവിൽ സ്റ്റേഷൻ പരിസരത്ത് ആറ് കോടി രൂപ മുതൽമുടക്കിലാണ് കെട്ടിടം പണിതത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ, വിവിപാറ്റ് എന്നിവ സൂക്ഷിക്കും. കൂടാതെ ഫസ്റ്റ് ലെവൽ ചെക്കിംഗിനായി ഒരു പ്രത്യേക ഹാളും നിർമിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണ ചുമതല. കിൻഫ്ര പാർക്കിൽ വാടകകെട്ടിടത്തിലാണ് വെയർഹൗസ് പ്രവർത്തിച്ചിരുന്നത്. തിരുവനന്തപുരത്തിന് പുറമേ മലപ്പുറത്തും കണ്ണൂരുമാണ് നിലവിൽ വെയർഹൗസുകൾ ഉള്ളത്.

തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ മേരിക്കുട്ടി.ആർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയമോഹൻ.വി, എൻ.എച്ച് വിഭാഗം ഡെപ്യൂട്ടി കളക്ടർ ഷീജ ബീഗം, കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗം ജീവനക്കാർ എന്നിവരും പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments