അഡ്മിഷൻ കിട്ടിയത് വ്യാജകോളേജുകളിൽ; നാടുകടത്തൽ ഭീഷണി നേരിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിൽ സമരത്തിൽ

0
167

വ്യാജ അഡ്മിഷൻ ലെറ്ററുകളുടെ പേരിൽ ഇന്ത്യയിലേക്ക് നാടുകടത്തൽ ഭീഷണി നേരിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിൽ സമരത്തിൽ. കാനഡയിലെ ബ്രാംപ്ടണിൽ നൂറു കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് കഴിഞ്ഞ ആഴ്ച മുതൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുന്നത്.

അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 700 ലധികം വിദ്യാർത്ഥികളാണ് പുറത്താക്കൽ ഭീഷണിയിലായിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും പഞ്ചാബിൽ നിന്നുള്ളവരുമാണ്. അഡ്മിഷൻ ഓഫറുകൾ അയച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാജമാണെന്ന് കനേഡിയൻ അധികൃതർ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ മാർച്ചിൽ ഈ കുട്ടികൾ കാനഡയിൽ പെർമനന്റ് റസിഡൻസിയ്ക്കായി അപേക്ഷ നൽകിയപ്പോഴാണ് പ്രശ്‌നം വെളിച്ചത്ത് വന്നത്. മെയ് 29 മുതൽ അനേകം ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡ ബോർഡർ സർവീസ് ഏജൻസി (സിബിഎസ്‌എ) യുടെ ഹെഡ് ഓഫീസിന് പുറത്ത് മിസ്സിസൗഗാ എയർപോർട്ട് റോഡിൽ കുത്തിയിരുന്ന് സമരം നടത്തുന്നത്. ഇവരിൽ പലരും 2017 ലും 2019 ലൂം 2020 ലുമായി എത്തിയവരാണ്.

എന്നാൽ 2021 ൽ ഇവർക്ക് ഉന്നതപഠനത്തിനായി അഡ്മിഷൻ ഓഫർ കിട്ടിയിരിക്കുന്ന കോളേജുകൾ വ്യാജമാണെന്ന് കാണിച്ച്‌ സിബിഎസ്‌എ ഇവർക്ക് നോട്ടീസ് നൽകുകയായിരുന്നു. ജലന്ധറിലെ ഒരു ട്രാവൽ ഏജൻസിയാണ് ഈ വ്യാജരേഖകൾ നൽകിയത്. ഒരു വിദ്യാർത്ഥിയിൽ നിന്നും 1.6 ദശലക്ഷം രൂപ വീതമായിരുന്നു വാങ്ങിയത്. വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണയുമായി ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗണും എത്തിയിട്ടുണ്ട്.