ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ഒരുങ്ങി അൽ മക്തൂം രാജ്യാന്തര വിമാനത്താവളം. 2050 ഓടെ ലോകത്തിലെ ഏറ്റവും വലിയതും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്നതുമായ വിമാനത്താവളമാക്കി അൽ മക്തൂം മാറ്റുക എന്നതാണ് ലക്ഷ്യം. ദുബായ് സൗത്തിൽ പ്രവർത്തനം ആരംഭിച്ച വിമാനത്താവളത്തിന്റെ വികസന പദ്ധതികൾ ഓരോന്നായി പൂർത്തീകരിക്കുകയാണ്. വ്യവസായ സൗഹൃദ ഫ്രീ സോണായി എയർപോർട്ട് മേഖല മാറും.
ഇതിനു സമീപത്തായി ഏറ്റവും വലിയ പാർപ്പിട കേന്ദ്രവും വരും. 145 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഏറ്റവും വലിയ നഗരവൽകരണ പദ്ധതിയായ ദുബായ് സൗത്തിന്റെ ഭാഗമായാണ് മക്തൂം വിമാനത്താവളം വികസിപ്പിക്കുന്നത്. പ്രതിവർഷം 25.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലേക്കാണ് വിമാനത്താവളത്തിന്റെ വികസനം. കര, വ്യോമ, നാവിക റൂട്ടുകളുടെ സംഗമവും ദുബായ് സൗത്തിൽ ഉണ്ടാകും.
ഇവിടെ 2010 ലാണ് ഇവിടെ ചരക്ക് നീക്കവും 2013 ലാണ് യാത്ര വിമാനങ്ങളും സർവീസ് തുടങ്ങിയത്. നിലവിൽ പ്രതിവർഷം 70 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള സൗകര്യമാണ് അൽമക്തും വിമാനത്താവളത്തിൽ ഉള്ളത്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 1.2 കോടി ടൺ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയും കൈവരും. 6 മേഖലകളായി തിരിച്ച ദുബായ് സൗത്ത് നഗരവൽകരണ പദ്ധതിയുടെ നടുവിലാണ് വിമാനത്താവളം. ഇതിനു ചുറ്റും ദുബായ് ലോജിസ്റ്റിക് സിറ്റി, കമേഴ്സ്യൽ സിറ്റി, റസിഡൻഷ്യൽ സിറ്റി, ഏവിയേഷൻ സിറ്റി, ഗോൾഫ് സിറ്റി എന്നിവ വരും.