ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ സർക്കാർ കൂടുതൽ സമയം തേടിയതായി ഗുസ്തി താരങ്ങൾ

0
78

ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ സർക്കാർ കൂടുതൽ സമയം തേടിയതായി ഗുസ്തി താരങ്ങൾ. അന്വേഷണം പൂർത്തിയാക്കാൻ സർക്കാർ ജൂൺ 15 വരെ സമയം തേടിയെന്ന് സാക്ഷി മാലിക് പറഞ്ഞു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ മാരത്തോണ് ചർച്ചക്ക് ശേഷമാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം. പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും ജൂൺ 15 നുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്നും സാക്ഷി മാലിക് പ്രതികരിച്ചു.വിഷയം കർഷക നേതാക്കളുമായിട്ട് ചർച്ച ചെയ്യുമെന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു.

പൊലീസ് അന്വേഷണം ജൂൺ 15 നകം പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. അത് വരെ പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചുവെന്ന് ബജ്റംഗ് പുനിയ വ്യക്തമാക്കി.താരങ്ങൾക്കെതിരെ എടുത്ത കേസ് പിൻവലിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും വനിത ഗുസ്തി താരങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയച്ചതായി ബജ്റംഗ് പുനിയ പറഞ്ഞു .

ദേശീയ കായിക മന്ത്രി അനുരാഗ് ഠാക്കൂറിനു മുന്നിൽ അഞ്ച് നിബന്ധനകളാണ് ബിജെപി എംപിയും റസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ വച്ചത് . റസ്‍ലിങ് ഫെഡറേഷനിലേക്ക് സ്വതന്ത്രവും ന്യായവുമായി തിരഞ്ഞെടുപ്പ് നടക്കണമെന്നും ഒരു വനിതയെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നുമാണ് പ്രധാന ആവശ്യം. ബ്രിജ് ഭൂഷണിനെയോ അയാളുടെ കുടുംബത്തെയോ ഗുസ്തി ഫെഡറേഷന്റെ ഭാഗമാക്കരുതെന്നും താരങ്ങൾ ആവശ്യപ്പെട്ടു.

കഴി‍ഞ്ഞ മാസം പാർലമെന്റ് ഉദ്ഘാടന സമയത്ത് ഗുസ്തി താരങ്ങൾ നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് ഫയൽ ചെയ്ത കേസ് ഒഴിവാക്കണം. അതുപോലെ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും മന്ത്രിക്കു മുന്നിൽ താരങ്ങൾ വീണ്ടും ഉന്നയിച്ചു.
സമരം നയിക്കുന്ന ബജ്റങ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരാണ് ഇന്നു രാവിലെ ഠാക്കൂറുമായി ചർച്ച നടത്തിയത്. അനുരാഗ് ഠാക്കൂറിന്റെ വസതിയിലെത്തിയാണ് ഇരുവരും ചർച്ച നടത്തിയത്. ഗുസ്തി താരങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നു മന്ത്രി രാത്രി വൈകി ട്വീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.