തിരുവനന്തപുരം അമ്പൂരി രാഖി കൊലപാതക കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരെന്ന് കോടതി

0
282

തിരുവനന്തപുരം അമ്പൂരി രാഖി കൊലപാതക കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികളായ സൈനികന്‍ അഖില്‍, സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.

2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയബന്ധത്തില്‍ നിന്നും പിന്മാറാത്തതിലുള്ള വൈരാഗ്യത്താല്‍ രാഖിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. സൈനികനായ അഖിലും കൊല്ലപ്പെട്ട രാഖിയും തമ്മില്‍പ്രണയത്തിലായിരുന്നു. കൊച്ചിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് അഖില്‍ ആരുമറിയാതെ രാഖിയെ വിവാഹം ചെയ്തു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി രാഹുല്‍ അടുക്കുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹത്തിന് രാഖി തടസ്സം നിന്നതോടെയാണ് പ്രതികള്‍ ഗൂഡാലോചന നടത്തി രാഖിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍.

ജൂണ്‍ 21നാണ് സഹോദരങ്ങളായ അഖിലും രാഹുലും ചേര്‍ന്ന് രാഖിയെ നെയ്യാററിന്‍കര ബസ് സ്റ്റാന്റില്‍ നിന്നും രാഖിയെ കാറില്‍ കയറ്റി കൊണ്ട് പോകുന്നത്. കാറില്‍ വെച്ച് രാഖിയുടെ കഴുത്തു ഞെരിച്ചു അബോധാവസ്ഥയിലാക്കി. പിന്നീട് അമ്പൂരിയിലെ പണിനടക്കുന്ന രാഹുലിന്റെ വീട്ടിലെത്തിച്ചു. സഹോദരങ്ങള്‍ ചേര്‍ന്ന് കയര്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു മരണം ഉറപ്പാക്കി. അയല്‍വാസിയായ ആദര്‍ശിന്റെ സഹായത്തോടെ മുന്‍കൂട്ടിയെടുത്ത കുഴിയില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതശരീരം നഗ്‌നയാക്കി ഉപ്പു കല്ലുകള്‍ വിതറി മണ്ണിട്ട് മൂടി തുടര്‍ന്ന് കമുക് തൈകള്‍ വെച്ച് പിടിപ്പിക്കുകയും ചെയ്തു.

കേസില്‍ 94 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 92 തൊണ്ടിമുതലുകളും 178 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയ തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെള്ളിയാഴ്ച്ച ശിക്ഷ വിധിക്കും.