Tuesday
30 December 2025
31.8 C
Kerala
HomeIndiaഎഞ്ചിൻ തകരാറിനെ തുടർന്ന് എയർ ഇന്ത്യ ഡൽഹി-സാൻ ഫ്രാൻസിസ്കോ വിമാനം റഷ്യയിൽ ഇറക്കി

എഞ്ചിൻ തകരാറിനെ തുടർന്ന് എയർ ഇന്ത്യ ഡൽഹി-സാൻ ഫ്രാൻസിസ്കോ വിമാനം റഷ്യയിൽ ഇറക്കി

എഞ്ചിൻ തകരാറിനെ തുടർന്ന് എയർ ഇന്ത്യ ഡൽഹി-സാൻ ഫ്രാൻസിസ്കോ വിമാനം റഷ്യയിൽ സുരക്ഷിതമായി ഇറക്കി. ബോയിംഗ് 777-ന്‍റെ എഞ്ചിനുകളിൽ ഒന്ന് തകരാറിലായതിനെ തുടർന്നാണ് എയർ ഇന്ത്യയുടെ ഡൽഹി – സാൻഫ്രാൻസിസ്കോ നോൺ-സ്റ്റോപ്പ് വിമാനം ചൊവ്വാഴ്ച റഷ്യയിലെ മഗദാനിൽ സുരക്ഷിതമായി ഇറക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 232 യാത്രക്കാരായിരുന്നു ഈ സമയം വിമാനത്തില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ 4 മണിക്ക് ഐ‌ജി‌ഐ എയർപോർട്ടിൽ നിന്നായിരുന്നു ഈ നോണ്‍ സ്റ്റോപ്പ് വിമാനം പറന്നുയര്‍ന്നത്.

മറ്റൊരു വിമാനത്തില്‍, ഇന്ന് തന്നെ മഗദാനിൽ നിന്നും സാന്‍ഫ്രാന്‍സ്കോയിലേക്ക് മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും മാറ്റുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നിലവില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജോലിക്കാരെയും മഗദാനിലെ പ്രാദേശിക ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. യാത്രക്കാരെ സുരക്ഷിതമായി സാന്‍ഫ്രാന്‍സ്കോയില്‍ എത്തിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളോട് അധികാരികള്‍ എല്ലാ സഹകരണവും ചെയ്യുന്നുണ്ടെന്നും എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്‍ അറിയിച്ചതായി  റിപ്പോര്‍ട്ട്.

അതേസമയം എയര്‍ ഇന്ത്യാ വിമാനം റഷ്യയിൽ അടിയന്തരമായി ഇറക്കിയതിനെ തുടര്‍ന്നുള്ള സ്ഥിതി ഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് അറിയിച്ചു. ‘യുഎസിലേക്ക് വന്നിരുന്ന ഒരു വിമാനം റഷ്യയില്‍ അടിയന്തരമായി ഇറക്കിയതിനെ കുറിച്ച് വിവരം ലഭിച്ചു. നിരീക്ഷണം തുടരുകയാണ്. വിമാനത്തില്‍ യുഎസ് പൗരന്മാരുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല’ എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിമാനത്തിൽ അമേരിക്കൻ പൗരന്മാരുണ്ടാകാനാണ് സാധ്യതയെന്നും സ്ഥിതിഗതികള്‍ അമേരിക്ക സസൂക്ഷ്മം നിരീക്ഷിക്കുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഗദാനിൽ കുടിങ്ങിപ്പോയ യാത്രക്കാരെ സഹായിക്കാനും ബോയിംഗ് 777 വിമാനത്തിലെ എഞ്ചിൻ തകരാർ പരിഹരിക്കാൻ എഞ്ചിനീയർമാരുമായും എയർ ഇന്ത്യയുടെ ദുരിതാശ്വാസ വിമാനം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് റഷ്യയിലെ മഗദാനിലേക്ക് പുറപ്പെടുമെന്ന് ബിസിനസ് സ്റ്റാന്‍റേഡ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രിയില്‍ തന്നെ മുംബൈയില്‍ നിന്നും സഹായ വിമാനം പുറപ്പെടാനിരുന്നെങ്കിലും പിന്നീട് അത് ഇന്ന് രാവിലെയിലേക്കും തുടര്‍ന്ന് ഉച്ച സമയത്തേക്കും മാറ്റുകയായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കൊണ്ടു പോകുന്നതിനായി എയർലൈൻ ഇൻഷുറർമാരിൽ നിന്ന് അനുമതി ലഭിച്ച് കഴിഞ്ഞു.

കഴിഞ്ഞ മാർച്ചിൽ യുക്രൈനെതിരെ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ എയർ ഇന്ത്യ മോസ്‌കോയിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചിരുന്നു. ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിലെ വെല്ലുവിളികളെ തുടർന്നാണ് സര്‍വ്വീസ് താൽക്കാലികമായി നിർത്തിവച്ചതെന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. യുക്രൈന്‍ യുദ്ധത്തിനിടെ ഇന്നലെ രാവിലെ യുക്രൈനിലെ ഏറ്റവും പഴയതും വലുതുമായ നോവ കഖോവ്ക ഡാം റഷ്യ തകര്‍ത്തതായി യുക്രൈന്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ റഷ്യ ഈ ആരോപണം നിഷേധിച്ചിരുന്നു. ഒന്നര വര്‍ഷം നീണ്ട യുദ്ധത്തിനിടെ നടന്ന ഏറ്റവും വലിയ അക്രമണങ്ങളിലൊന്നായിരുന്നു അത്. റഷ്യയുടെ സൈനീക ശക്തിക്ക് മുന്നില്‍ ഇത്രയും കാലം തളരാതെ പിടിച്ച് നില്‍ക്കാന്‍ യുക്രൈനെ കൈയയച്ച് സഹായിക്കുന്നത് യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യമാണ്. ഈയൊരു രാഷ്ട്രീയ കാലാവസ്ഥയില്‍ യുഎസ് പൗരന്മാരുള്ള വിമാനം റഷ്യയില്‍ അടിയന്തരമായി ഇറക്കിയതില്‍ യുഎസ് ഏറെ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments