മധ്യവയസ്‌കയെ കുത്തിക്കൊലപ്പെടുത്തിയ 23 വയസുകാരി അറസ്റ്റില്‍. ദക്ഷിണ കൊറിയയിലാണ് സംഭവം. ജങ് യൂ ജങ് എന്ന യുവതിയാണ് മധ്യവയ്‌സ്‌കയെ കുത്തിക്കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി നുറുക്കി ഉപേക്ഷിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ മധ്യവയസ്‌കയെ കൊലപ്പെടുത്തിയതിന് കാരണമായി ജങ് പറഞ്ഞ ന്യായമാണ് പൊലീസിനെ അമ്പരപ്പിച്ചത്. ഒരാളെ ഒറ്റയ്ക്ക് സ്വന്തം കൈകൊണ്ട് കൊലപ്പെടുത്തി അ്ത മറവ് ചെയ്യാനുള്ള കൗതുകമാണ് കൃത്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ടെലിവിഷന്‍ ക്രൈം സീരിസുകളും ക്രൈം ത്രില്ലര്‍ സിനിമകളും നോവലുകളും മറ്റും കണ്ടും വായിച്ചും ഹരം പിടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് യുവതി പറയുന്നത്. കൊലപാതകം ആസൂത്രണം ചെയ്യാന്‍ മാസങ്ങളോളം ഗവേഷണം നടത്തി. ശരീരം മറവ് ചെയ്യുന്നതെങ്ങനെയെന്ന് മൂന്ന് മാസത്തോളമായി യുവതി ഗൂഗിളില്‍ തിരഞ്ഞിരുന്നുവെന്ന് യുവതിയുടെ ഫോണ്‍ പരിശോധിച്ചതോടെ പൊലീസിന് വ്യക്തമാകുകയും ചെയ്യുന്നു. വായനശാലകളില്‍ നിന്ന് ഇക്കാലയളവില്‍ യുവതി നിരവധി ക്രൈം ത്രില്ലറുകള്‍ എടുത്ത് വായിച്ചിരുന്നുവെന്നും ക്രൈം സീരിസുകള്‍ ആവര്‍ത്തിച്ച് കണ്ടിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ഒരു ട്യൂഷന്‍ ടീച്ചറെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ജങ് ഇരയായ മധ്യവയസ്‌കയുമായി ബന്ധം സ്ഥാപിക്കുന്നത്. കുട്ടിയുടെ ട്യൂഷന്റെ കാര്യങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ ഇവരുടെ അടുത്തെത്തുകയും കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തുകയുമായിരുന്നു. ശേഷം ശരീരം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു. എന്നാല്‍ ഇരയുടെ രക്തക്കറയുള്ള വസ്ത്രങ്ങളാണ് ജങിനെതിരായ തെളിവായി മാറിയത്.