തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

0
175

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. മെയ് മാസത്തിൽ 3.68 ലക്ഷം പേർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 2022 മേയ് മാസത്തെ അപേക്ഷിച്ച് 26% വർധനയാണ് രേഖപ്പെടുത്തിയതെന്ന് TIAL വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 11879 ആയി. മേയ് 25ന് 12939 പേരാണ് യാത്ര ചെയ്തത്. ഇതും സമീപകാലത്തെ ഏറ്റവും ഉയർന്ന കണക്കാണ്. പ്രതിദിന സർവീസുകളുടെ എണ്ണം ശരാശരി 80ന് അടുത്തെത്തി.

മേയിൽ 2337 എയർ ട്രാഫിക് മൂവ്മെന്റുകളാണ് നടന്നത്. 1.93 ലക്ഷം ആഭ്യന്തര സഞ്ചാരികളും 1.75 ലക്ഷം വിദേശ സഞ്ചാരികളും തിരുവനന്തപുരം വഴി യാത്ര ചെയ്തു. വിദേശ രാജ്യങ്ങളിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 117 ആയും ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം 151 ആയും വർധിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വർധിച്ചത്തോടെ നിരക്ക് കുറയുകയും വിദേശരാജ്യങ്ങളിലേക്കുള്ള കണക്ടിവിറ്റി എളുപ്പമാകുകയും ചെയ്തു.

യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ചു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളും പുരോഗമിക്കുകയാണ്. യാത്രക്കാർക്ക് സുരക്ഷാ നടപടികൾ എളുപ്പത്തിൽ പൂർത്തിയാകാനുള്ള ബി ആർ കോഡ് സ്കാനറുകൾ ടെർമിനലുകളുടെ പ്രവേശനം കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ എയർപോർട്ടുകളിൽ ആദ്യമായി ഇ-ഗേറ്റ് സംവിധാനവും തിരുവനന്തപുരത്ത് പ്രവർത്തന സജ്ജമായിയെന്നുംTIAL വ്യക്തമാക്കി.