ഗുസ്തി താരങ്ങളുടെ സമരത്തിൽ പിന്മാറിയെന്ന വാർത്ത തള്ളി സാക്ഷി മാലിക്

0
47

ഗുസ്തി താരങ്ങളുടെ സമരത്തിൽ പിന്മാറിയെന്ന വാർത്ത തള്ളി സാക്ഷി മാലിക്. ജോലിയിൽ പ്രവേശിക്കാൻ തീരുമാനിച്ചു എന്നും ജോലിയും സത്യാഗ്രഹവും ഒരുമിച്ച് ചെയ്യുമെന്നും സാക്ഷി മാലിക് അറിയിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സാക്ഷി മാലിക് ഇക്കാര്യം അറിയിച്ചത്. സാക്ഷിക്കൊപ്പം വിജേഷ് ബജരംഗും ജോലിയിൽ തിരികെ പ്രവേശിച്ചു. ഇവരൊക്കെ ജോലിക്കൊപ്പം സമരം തുടരും.

ബ്രിജ് ഭൂഷണെതിരായ പരാതിയിൽ ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കണമെന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം നടത്തുകയാണെന്നും കായിക രംഗത്തിൻ്റെയും കായികതാരങ്ങളുടെയു പുനരുദ്ധാരണത്തിനായി സർക്കാർ എപ്പോഴും ശ്രമിക്കുകയാണെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

“ഞങ്ങൾ ആരെയും സംരക്ഷിക്കുന്നില്ല. ആരെയും സംരക്ഷിക്കാൻ കഴിയുകയുമില്ല. ഇന്ത്യൻ സർക്കാർ ന്യായമായ അന്വേഷണം നടത്താനാണ് ആഗ്രഹിക്കുന്നത്. അതിൽ നിന്ന് പിന്നോട്ടുപോവില്ല. പരാതിപ്പെട്ട മൂന്ന് താരങ്ങൾ സംസാരിച്ച അന്ന് തന്നെ ഞാൻ യാത്രകളൊഴിവാക്കി ഡൽഹിയിൽ തിരികെയെത്തി. ഞങ്ങൾ തുടരെ രണ്ട് ദിവസം കണ്ടു. ഏഴ് വർഷം പഴക്കമുള്ള പരാതിയാണ് താരങ്ങൾക്കുള്ളത്.”- അനുരാഗ് ഠാക്കൂർ പറഞ്ഞു.

പരാതി അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക കമ്മറ്റി ഗുസ്തി താരങ്ങളുമായി 14 തവണ കൂടിക്കാഴ്ച നടത്തിയെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. ഓരോ താരത്തിനും അവരുടെ കാര്യം പറയാൻ അവസരം ലഭിച്ചു. റിപ്പോർട്ട് വന്നപ്പോൾ ഞങ്ങൾ അത് ഡൽഹി പൊലീസിന് കൈമാറി. പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. സുപ്രിം കോടതിയെ വിവരമറിയിച്ചു. അന്വേഷണം ആരംഭിച്ചു. താരങ്ങളുടെയും ബ്രിജ് ഭൂഷണിൻ്റെയും മൊഴികൾ രേഖപ്പെടുത്തി. കുറ്റപത്രത്തിനനുസരിച്ച് നടപടി സ്വീകരിക്കും. അന്വേഷണം കഴിയും വരെ കാക്കണം. ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കണം എന്നും അനുരാഗ് ഠാക്കൂർ തുടർന്നു.

ഇതിനിടെ കേന്ദ്ര മന്ത്രി അമിത് ഷാ ഗുസ്തി താരങ്ങളുമായി നേരിട്ട് ചർച്ച നടത്തി. ഗുസ്തി താരങ്ങളുടെ പ്രധാന ആവശ്യം ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ അറസ്റ്റ് ചെയ്യുക എന്നതാണ്. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലും കോടതി ഇടപെടലുണ്ടായ സാഹചര്യത്തിലും സംഭവവുമായി ബന്ധപ്പെട്ട നടപടികൾ നിയമവിധേയമായി നടക്കട്ടെ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.