Saturday
20 December 2025
21.8 C
Kerala
HomeKeralaരഹ്ന ഫാത്തിമയ്‌ക്കെതിരായ പോക്‌സോ കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി

രഹ്ന ഫാത്തിമയ്‌ക്കെതിരായ പോക്‌സോ കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി

രഹ്ന ഫാത്തിമയ്‌ക്കെതിരായ പോക്‌സോ കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി. നഗ്‌ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. പോക്‌സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രഹ്ന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.

തിരുവല്ല, എറണാകുളം സൗത്ത് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അത് വിഡിയോയെടുത്ത് പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമ പ്രകാരം കേസെടുത്തേണ്ട കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ രഹ്നയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നത്.

ബോഡി ആര്‍ട് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടില്‍ രഹ്ന തന്റെ യൂട്യൂബിലാണ് മക്കള്‍ തന്റെ ശരീരത്തില്‍ ചിത്രം വരയ്ക്കുന്ന വിഡിയോ പങ്കുവച്ചിരുന്നത്. സമൂഹത്തിന്റെ കപട സദാചാരത്തിനെതിരെയാണ് തന്റെ വിഡിയോ എന്ന് ആമുഖമായി രഹ്ന സൂചിപ്പിക്കുകയും ചെയ്തിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് ശേഷമാണ് പൊലീസില്‍ പരാതി ലഭിക്കുകയും ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരവും ഐടി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരവും കേസെടുക്കപ്പെടുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ ഉള്‍പ്പെടെ ഇടപെട്ടിരുന്നു.

RELATED ARTICLES

Most Popular

Recent Comments