കെഫോൺ ലോഞ്ചിനോട് അനുബന്ധിച്ച് ഡിജിറ്റൽ വിസ്മയം തീർത്ത് ഓഗ്മെന്റ് റിയാലിറ്റി (എആർ) ഷോ. ഡിജിറ്റൽ കേരളത്തിന്റെ കുതിപ്പിന് കൂടുതൽ കരുത്തു പകരുന്ന കെഫോൺ പദ്ധതിയുടെ മികവ് വിളിച്ചോതുന്നതായിരുന്നു ഓഗ്മെന്റ് റിയാലിറ്റി ഉപയോഗിച്ചുള്ള അവതരണം. കെഫോണിന്റെ വൈ-ഫൈ കണക്ടിവിറ്റിയിൽ കരുത്തുനേടിയ വയനാട്ടിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പന്തലാടിക്കുന്ന് കോളനിയിലെ കാടും വീടുമടക്കം വേദിയിലേക്ക് എത്തിയത് പ്രേക്ഷകർക്ക് വേറിട്ട അനുഭവമായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങിൽ ഇത്തരത്തിൽ എആർ ഉപയോഗിച്ചുള്ള കാഴ്ച വിസ്മയം തീർക്കുന്നത്.
എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ട് നേരിടുന്ന ഭൂപ്രദേശങ്ങളിൽ പോലും കെഫോൺ ശൃംഖലയുടെ സാന്നിധ്യവും പ്രവർത്തനമികവും പ്രതീകാത്മകമായി അവതരിപ്പിക്കുന്നതായിരുന്നു പരിപാടി. മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു വിശിഷ്ടാതിഥികളും ഇരിക്കുന്ന സദസ്സിന്റെ മുൻവശം പിളർന്ന് ഭൂമിക്കടിയിൽ നിന്ന് റോബോട്ടിക് കൈ കേരളത്തിന്റെ ഭൂപടവുമായി ഉയർന്നുവന്നു. വേദിക്കുമുന്നിൽ നെടുകെ നിവർത്തിവച്ച ഭൂപടത്തിലേക്ക് കാഴ്ചക്കാരുടെ ഇടയിൽ നിന്നൊരു കൂറ്റൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഒഴുകിയിറങ്ങി. തീരവും മലയോരവുമൊക്കെ ഒറ്റക്കണ്ണിയിൽ കോർത്തിണക്കുന്ന റിങ് നെറ്റ് വർക്ക് ആർക്കിടെക്ചറും എആർ ഷോയിൽ ലളിതമായി വിശദീകരിച്ചു.
കെ ഫോണിന്റെ തലച്ചോർ എന്നു വിശേഷിപ്പിക്കാവുന്ന നെറ്റ് വർക്ക് ഓപ്പറേറ്റിങ് സെന്റർ (NOC), കെ.എസ്.ഇ.ബിയുടെ ഇൻഫ്രാസ്ട്രക്ചറൽ കരുത്തിന്റെ പിന്തുണ, പോയിന്റ് ഓഫ് പ്രസൻസ് (PoP) എന്നിവയും എആർ അവതരണത്തിലൂടെ വിശദീകരിച്ചു. കേരള സ്റ്റാർട്ടഅപ്പ് മിഷനിൽ ഇൻകുബേറ്റഡായ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ എക്സ്ആർ ഹൊറൈസൺ (XR Horizon) ആണ് കെഫോണിനു വേണ്ടി തൽസമയം ഓഗ്മെന്റഡ് റിയാലിറ്റി ഷോ അവതരിപ്പിച്ചത്.