Monday
12 January 2026
20.8 C
Kerala
HomeEntertainmentസവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിൽ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു

സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിൽ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്ര​ദർശനം നടത്തി അറസ്റ്റിലായ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിൽ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. സാഹിത്യ സാംസ്കാരിക നായികാ നായകന്മാർ ഉള്ള ഈ കേരളക്കരയിൽ, ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാൻ പോന്ന പെണ്മക്കളുള്ള തന്ത തള്ളമാർ വരെ ഈ നാട്ടിൽ ഇല്ലാ എന്നുള്ളതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നതെന്ന് നടൻ പറഞ്ഞു.

എല്ലാ രാഷ്‌ട്രീയ പാർട്ടികളിലും മഹിളാ സംഘടനകളും ഒപ്പം ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങളും സംഘടനകളുമുള്ള നാട്ടിൽ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും ഇതിനെതിരെ കാണുന്നില്ലെന്നും നടൻ വിമർശിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ഇറച്ചിയും മനുഷ്യരും

പബ്ലിക് ബസിലിരുന്ന് പാന്റ്സിന്റെ സിബ്ബ് തുറന്ന് സ്വന്തം ഇറച്ചി പുറത്തിട്ട് അടുത്തിരിക്കുന്ന പെൺകുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നമ്മുടെ നവോഥാന സംസ്കാരം വളർന്നതിൽ നമ്മൾ അഭിമാനിക്കുക. വിപ്ലവകാരികളായ മഹിളാ സംഘടനകൾ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉള്ളതു കൂടാതെ ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങൾ നിരവധിയായ ലൊട്ടുലൊടുക്ക് സംഘടനകളിലും ഉള്ള ഈ നാട്ടിൽ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും കാണാനാകുന്നില്ല എന്നതിലും നമുക്കഭിമാനിക്കാം; പ്രത്യേകിച്ചും വനിതാ നവോഥാന മതിലുപണിത നാട്ടിൽ !അല്ലെങ്കിൽ ഭാരതീയ സദാചാരബോധങ്ങളുടെ അപ്പോസ്തലന്മാരായി കമിതാക്കളെ പൊതു ഇടങ്ങളിൽനിന്നും ചൂരൽപ്രയോഗം നടത്തി ഓടിക്കുന്ന നിരവധി കർമ്മ സേനകളുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിൽ!(ചിരിപ്പിക്കരുത് ) രാഷ്ട്രീയ പാർട്ടികളിലെ പെൺ അടിമക്കൂട്ടങ്ങളെ നമുക്ക് വെറുതേവിടാം. എന്നാൽ ഉപയോഗശൂന്യമായ ഇറച്ചിക്കഷ്ണങ്ങൾ പോലുള്ള സാഹിത്യ സാംസ്കാരികനായികാ നായകന്മാർ ഉള്ള ഈ കേരളക്കരയിൽ ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാൻ പോന്ന പെണ്മക്കളുള്ള തന്ത തള്ളമാർ വരെ ഈ നാട്ടിൽ ഇല്ലാ എന്നുള്ളതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത് !

RELATED ARTICLES

Most Popular

Recent Comments