അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും

0
126

തെക്ക് – കിഴക്കൻ അറബികടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായും മാറും. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂന മർദ്ദം മധ്യ കിഴക്കൻ അറബിക്കടലിന് സമീപമെത്തി തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് കാലവർഷമെത്താൻ ഇനിയും വൈകും. മിനിക്കോയ് തീരത്തായുള്ള കാലവർഷത്തിന് കാര്യമായ പുരോഗതിയില്ല. സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും, കാലവർഷത്തിന് മുന്നോടിയായുള്ള മഴ ഒറ്റപ്പെട്ടയിടങ്ങളിൽ കിട്ടും. അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് – പടിഞ്ഞാറൻ കാറ്റിന്‍റെ ഗതി ഇനിയും അനുകൂലമാകാത്തതിനാലാണ് കാലവർഷം കേരളത്തിലെത്താൻ വൈകുന്നത്. അതേസമയം, മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ലക്ഷ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.