കേരളം ഒരുമനസോടെ വഴികാട്ടിയ ആൻ മരിയയുടെ ചികിത്സയിൽ പുരോഗതി. കഴിഞ്ഞ ദിവസം കുട്ടി കണ്ണ് തുറന്നു എന്ന് ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പനയിൽ നിന്ന് കാെച്ചിയിൽ കാെണ്ടു വന്ന 17 കാരി കാെച്ചി അമ്യത ആശുപത്രിയിൽ സി.സി.യുവിൽ തുടരുകയാണ്. ഡോക്ടർമാർ 72 മണിക്കൂർ നിരീക്ഷണം പറഞ്ഞിരുന്നു.
സാധാരണ ഗതിയിൽ നാലുമണിക്കൂറിലധികം യാത്രാ സമയം വേണ്ടിവരുന്ന റൂട്ടിൽ, വിവിധ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും ട്രാഫിക് വിഭാഗത്തിന്റെയും സംയുക്ത പരിശ്രമത്താൽ ജൂൺ 1, വ്യാഴാഴ്ച ആംബുലൻസ് 132 കിലോമീറ്റർ 2 മണിക്കൂർ 39 മിനിറ്റ് കൊണ്ട് പെൺകുട്ടിയെ വിജയകരമായി ഇടപ്പള്ളിയിലെത്തിച്ചു.
സുബ്രഹ്മണ്യൻ എന്ന ഡ്രൈവറും കൂട്ടരുമാണ് ആംബുലൻസിന്റെ വേഗതയ്ക്ക് പിന്നിൽ. കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും കൊടും വളവുകളും നിറഞ്ഞ പാതയിലൂടെ വേണമായിരുന്നു ഇത്രയും സമയത്തിനുള്ളിൽ കുട്ടിയെ കൊച്ചിയിൽ എത്തിക്കേണ്ടിയിരിക്കുന്നത്. കുർബാനയിൽ പങ്കെടുക്കവെ കുട്ടി കുഴഞ്ഞു വീണതിനെ തുടർന്നാണ് നാട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആൻ മരിയയെ എറണാകുളത്തേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതരെ മുൻകൂട്ടി അറിയിച്ചതിനാൽ അമൃത ആശുപത്രിയിൽ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഹൃദയ സംബന്ധമായ പ്രശ്നങ്ങളൊന്നും കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല എന്നായിരുന്നു ആദ്യറിപ്പോർട്ടുകൾ സൂചിപ്പിച്ചതു. എന്നാൽ, പെൺകുട്ടിക്ക് നാഡീസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വിവരം ലഭിച്ചു.
ബുധനാഴ്ച പെൺകുട്ടിയുടെ നില വഷളായതിനെ തുടർന്നാണ് സെന്റ് ജോൺ ആശുപത്രിയിൽ നിന്നും കൊച്ചയിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതേത്തുടർന്ന് രാവിലെ 11.37ന് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 2.17ഓടെ അമൃത ആശുപത്രിയിലെത്തി. മന്ത്രി റോഷി അഗസ്റ്റിനും ആംബുലൻസുമായി കൊച്ചിയിലെത്തി പെൺകുട്ടിയുടെ ആരോഗ്യനില ഡോക്ടർമാരോട് ആരാഞ്ഞു.